പിണറായിയുടെ ‘ഗുജറാത്ത് പഠന’ത്തില്‍ യെച്ചൂരിക്ക് അതൃപ്തി

Saturday, April 30, 2022

 

ന്യൂഡൽഹി : ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ അയച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിക്കെതിരെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നടപടി ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിന് അവസരമൊരുക്കിയെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമാണ് നടപടി. ഇത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിമര്‍ശിക്കുന്നു.  ബിജെപിക്കെതിരെയുള്ള വാദങ്ങളുടെ മുനയൊടിക്കുന്നതാണ് കേരളത്തിന്‍റെ നടപടിയെന്നും വിമര്‍ശനമുണ്ട്. സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്ത് മോഡലിനെ പുകഴ്ത്തിയിരുന്നു.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഒന്ന് പറയുകയും അതേസമയം ബിജെപിയുമായുള്ള ബന്ധം ശക്തമായി തുടരുകയും ചെയ്യുന്നതാണ് സിപിഎം നിലപാടെന്നതിന് മറ്റൊരുദാഹരണം കൂടിയാണ് പിണറായി സര്‍ക്കാരിന്‍റെ ഗുജറാത്ത് പഠനത്തോടെ വ്യക്തമായത്.