കണ്ണൂർ, മലപ്പുറം ജില്ലകളിലെ കള്ള് ഷാപ്പ് ലേലം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു

കോവിഡ് 19 ന്‍റെ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് മലപ്പുറത്ത് നടത്തിയ കള്ള് ഷാപ്പ് ലേലം യുഡിവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി വെച്ചു. കളക്ടറുടെ ചേമ്പറിന് അടുത്തുള്ള കോൺഫറൻസ് ഹാളിലായിരുന്നു ലേലം നടന്നത്. യുഡിവൈഫ് പ്രവർത്തകർ ലേലം നടക്കുന്ന ഹാളില്‍ കയറി പ്രതിഷേധം നടത്തുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നേരത്തെ, കണ്ണൂരിലെ കള്ള് ഷാപ്പ് ലേലവും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയുടെയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസിന്‍റെയും നേതൃത്വത്തിലാണ് ഇവിടെ ലേലം തടഞ്ഞത്

കള്ള് ഷാപ്പ് ലേലം പോലും മാറ്റി വെക്കാത്ത ലോകോത്തര ജാഗ്രതക്കാരുടെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ MLA പറഞ്ഞു. കണ്ണൂരിലെ കള്ള് ഷാപ്പ് ലേലം യൂത്ത് കോൺഗ്രസ്സ് തടഞ്ഞുവെന്നും 200 ഓളം ആളുകൾ സംഘടിച്ച സ്ഥലത്തേക്ക് റിജിൽ മാക്കുറ്റിയുടെയും സുദീപ് ജെയിംസിന്‍റെയും നേതൃത്വത്തിൽ വെറും 5 പ്രവർത്തകർ മാത്രമാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്‍റെ പേരിൽ ആൾക്കൂട്ടമുണ്ടാക്കാതെ തന്നെ ഇനിയുള്ള സ്ഥലങ്ങളിലും ഇത്തരം സർക്കാർ സ്‌പോൺസേർഡ് ഇരട്ടത്താപ്പ് തടയുമെന്നും ഷാഫി പറമ്പില്‍ ഉറപ്പു നല്‍കി. .

മദ്യപാനം വ്യക്തിപരമായ തീരുമാനമാണ് . കുടിക്കുന്ന ആൾക്ക് മദ്യത്തോടുള്ള ആസക്തിയ തോല്പിക്കുന്ന ആസക്തിയാണ് സർക്കാരിന് അവരിൽ നിന്ന് കിട്ടുന്ന പണത്തോടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment