യാക്കൂബ് വധക്കേസ് : അഞ്ച് ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം; വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ വെറുതെവിട്ടു

Wednesday, May 22, 2019

കണ്ണൂർ ഇരിട്ടി പുന്നാട്ടെ സി.പി.എം പ്രവർത്തകനായ യാക്കൂബ് വധക്കേസിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. പ്രതികളായ അഞ്ച് ആർ.എസ്.എസ് പ്രവർത്തകർക്കാണ് ജീവപര്യന്തം. അമ്പതിനായിരം രൂപ വീതം പിഴയും ഒടുക്കണം. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ആണ് ശിക്ഷ വിധിച്ചത്.

സി.പി.എം പ്രവർത്തകൻ യാക്കൂബിനെ  2006 ജൂൺ 13 നാണ് ഒരു സംഘം ആളുകൾ വെട്ടി കൊലപ്പെടുത്തിയത്. ഒന്ന് മുതൽ അഞ്ച് വരെ പ്രതികളായ കീഴൂര്‍ മീത്തലെപുന്നാട് ദീപം ഹൗസില്‍ ശങ്കരന്‍  മാസ്റ്റർ, അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ്, തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ്, കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍, കീഴൂര്‍ പുന്നാട് കാറാട്ട് ഹൗസില്‍ പി കാവ്യേഷ് എന്നിവരാണ് കുറ്റക്കാർ.

അതേസമയം ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പടെ പതിനൊന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. 6 മുതല്‍ 16 വരെയുള്ള പ്രതികളെയാണ് വെറുതെവിട്ടത്.