സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും അടയാളമായി ക്രിസ്തുമസ് ആശംസാ കാർഡുകൾ

Jaihind Webdesk
Thursday, December 20, 2018

Christmas-Card-Vipani

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമാണ് ക്രിസ്തുമസ് ആശംസാ കാർഡുകൾ. ഓരോ ക്രിസ്തുമസിനും ലഭിക്കുന്ന കാർഡുകൾ കഴിഞ്ഞ കാലത്തെ ഒരു പിടി നല്ല ഓർമകളെ കാത്തുവെയ്ക്കുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളുടെ കടന്നുവരവ് സമീപ കാലങ്ങളിലായി ആശംസാ കാർഡുകളുടെ കച്ചവടത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്.

പുതുതലമുറയുടെ ലോകം സമൂഹമാധ്യങ്ങളിൽ മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത് കടലാസ് കാർഡുകൾക്ക് ആവശ്യക്കാർ കുറഞ്ഞുവരികയാണ്. സമൂഹ മാധ്യമങ്ങളുടെ കടന്നുവരവ് പുതുതലമുറയെ കടലാസ് കാർഡുകളുടെ വിസ്മയങ്ങളിൽ നിന്നും വിദൂരതയിലേയ്ക്ക് അകറ്റി.നവംബർ അവസാനത്തോടെ സജീവമാകുന്ന ക്രിസ്മസ് കാർഡ് വിപണി ഇത്തവണ ഡിസംബർ രണ്ടാഴ്ച പിന്നിട്ടിട്ടും ഉണർന്നിട്ടില്ല. പലയിടങ്ങളിൽ നിന്നായി ആശംസാ കാർഡുകൾ വാങ്ങി മറിച്ചു വിൽക്കുന്ന വഴിയോര കച്ചവടക്കാർ തന്നെ സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് കാർഡുകൾക്ക് ആവശ്യക്കാരെ കുറച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു .

ഇഷ്ടപ്പെട്ട കാർഡ് തിരഞ്ഞെടുത്ത് സ്വന്തം കയ്യക്ഷരത്തിൽ സന്ദേശം കുറിച്ച് പ്രിയപ്പെട്ടവർക്ക് നൽകണമെന്ന് നിർബന്ധമുള്ളവർ മാത്രമാണ് സമീപ കാലങ്ങളിലായി ക്രിസ്തുമസ് കാർഡുകൾ വാങ്ങുന്നത്.

ഇത്തരക്കാർ ഏറെയും സ്‌കൂൾ കോളജ് വിദ്യാർത്ഥികളാണ്. നൂറു മുതൽ അഞ്ഞൂറു രൂപ വരെ വിലയുള്ള കാർഡുകൾ ഇന്ന് വിപണിയിലുണ്ട്. പ്രമുഖ കമ്പനികളുടേയും പ്രാദേശികമായി നിർമിച്ചതുമായ വൈവിധ്യമാർന്ന കാർഡുകൾ. എന്നാൽ ആവശ്യക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടില്ല. ക്രിസ്തുമസ് അവധി ആകുമ്പോഴേക്കെൻങ്കിലും കാർഡുകൾ തേടി കൂടുതൽ ആവശ്യക്കാർ എത്തുമെന്ന പ്രതിക്ഷയിലാണ് കച്ചവടക്കാർ. അതേസമയം ആശംസകളും ആഘോഷങ്ങളും സമൂഹ മാധ്യമങ്ങളിൽ മാത്രമായി ഒതുങ്ങുമ്പോൾ പുതുതലമുറ അകന്നു പോകുന്നത് കടലാസ് കാർഡുകളുടെ വിസ്മയങ്ങളോടൊപ്പം ഒരു കാലത്തിന്റെ ഓർമകളിൽ നിന്നു കൂടിയാണ്.

https://youtu.be/txoYkSgNGsE