വാഹന പ്രേമികളുടെ ഇഷ്ടം നേടിയ കാറുകളാണ് വോൾവോയുടേത്. വോൾവോ XC 90 90 എസ്.യു.വി ഇലക്ട്രിക്, ഹൈബ്രിഡ് പതിപ്പുകൾ ഇന്ത്യയിൽ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വീഡിഷ് കാര്‍ നിര്‍മാതാക്കളായ വോള്‍വോയുടെ ഇന്ത്യയിലെ എം.ഡി ചാള്‍സ് ഫ്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ഓടെ പത്ത് ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാര്‍ കൂടിയാകും XC 90. നിലവില്‍ 1.3 കോടിയാണ് XC 90യുടെ ഇന്ത്യയിലെ വില. ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയാല്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് മോഡല്‍ ലഭ്യമായേക്കും.
കൂടാതെ ഈ വര്‍ഷം അവസാനത്തോടെ XC 60 യും ഇന്ത്യയിലെ പ്ലാന്റില്‍ നിര്‍മിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നതോടെ ഇപ്പോഴത്തെ വിലയില്‍ നിന്ന് എന്തായാലും കുറവ് പ്രതീക്ഷിക്കാമെന്ന കാര്യത്തില്‍ സംശയമില്ല.
വോള്‍വോയുടെ സ്കെയിലബിള്‍ പ്രോഡക്റ്റ് ആര്‍ക്കിടെക്ച്ചര്‍ (എസ്.പി.എ) പ്ലാറ്റ്ഫോമിനെ അധികരിച്ചാണ് XC 90 ഹൈബ്രിഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്റെയും, ലിഥിയം-ഇയോണ്‍ ബാറ്ററി കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടോറിന്റെയും സങ്കലനമാണ് XC 90 ഹൈബ്രിഡിന്റെ T 8 എന്ജിന്.
320 PS – 400 Nm ടോര്‍ക്ക്, 87 PS – 240 Nm ടോര്‍ക്ക് എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഇലക്ട്രിക് എന്‍ജിനുകളുടെ കരുത്ത്. ഫലത്തില്‍ ഇവയുടെ രണ്ടിന്റെയും സംയോജനമായ 407 PS – 640 Nm ആയിരിക്കും വാഹനത്തിന്റെ മുഴുവന്‍ കരുത്ത്. 8 സ്പീഡ് അയ്സിന് ഗിയര്‍ബോക്സാണ് XC 90 ഹൈബ്രിഡ് മോഡലിനുള്ളത്.