എക്സ്’ പണിമുടക്കി; പ്ലാറ്റ്ഫോം നിലച്ചത് അരമണിക്കൂറോളം; സാങ്കേതിക തകരാറിൽ വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

Jaihind News Bureau
Monday, February 16, 2026

 

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ആഗോളതലത്തില്‍ പ്രവര്‍ത്തനരഹിതമായി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്ലാറ്റ്ഫോം സാങ്കേതിക തടസ്സം നേരിട്ടത്. പുതിയ പോസ്റ്റുകള്‍ പങ്കുവെക്കാനോ ലോഗിന്‍ ചെയ്യാനോ സാധിക്കാത്ത സാഹചര്യം ഉടലെടുത്തതോടെ ഉപയോക്താക്കള്‍ പ്രതിസന്ധിയിലായി.

ഓണ്‍ലൈന്‍ സേവനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ‘ഡൗണ്‍ ഡിറ്റക്ടര്‍’ (Down Detector) പ്രകാരം ഇന്ത്യയില്‍ വൈകുന്നേരം ഏഴരയോടെ മൂവായിരത്തിലധികം പേര്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. ആറരയോടെ ആരംഭിച്ച പ്രശ്‌നം ഏഴ് മണിയോടെ രൂക്ഷമാവുകയായിരുന്നു. ലോകമെമ്പാടുമായി ഏകദേശം 42,261 പേര്‍ തടസ്സം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ യുഎസ്, യുകെ എന്നിവിടങ്ങളിലും എക്സ് സേവനങ്ങള്‍ തടസ്സപ്പെട്ടു.

ലോകവ്യാപകമായി തടസ്സം നേരിട്ടതിന്റെ ഔദ്യോഗിക കാരണം വ്യക്തമാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. നിലവില്‍ സേവനങ്ങള്‍ പഴയപടിയായെങ്കിലും സെര്‍വര്‍ തകരാറാണോ അതോ പ്ലാറ്റ്ഫോമിലെ പുതിയ പരീക്ഷണങ്ങളാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

2022 ഒക്ടോബറില്‍ 44 ബില്ല്യണ്‍ ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കിയ ഇലോണ്‍ മസ്‌ക്, പേരും ലോഗോയും മാറ്റി പ്ലാറ്റ്ഫോമില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ‘ഗ്രോക്ക്’ (Grok) എന്ന എഐ ചാറ്റ്‌ബോട്ട്, എഐ ഉപയോഗിച്ചുള്ള വീഡിയോ നിര്‍മ്മാണം, ഫീഡ് ക്രമീകരണം എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. 2025-ലെ കണക്കുകള്‍ പ്രകാരം പ്രതിമാസം 600 മില്യണ്‍ ഉപയോക്താക്കളാണ് എക്സിനുള്ളത്. ഇതില്‍ 6.5 ലക്ഷത്തോളം പേര്‍ പ്രീമിയം വരിക്കാരുമാണ്.