തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു

Jaihind News Bureau
Thursday, June 18, 2020

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (49) തൃശൂരിൽ അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടർന്നു ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചുവന്നിരുന്ന സച്ചിക്കു ഹൃദ്രോഗബാധയുണ്ടാകുകയായിരുന്നു. തുടർന്ന് ചൊവ്വ പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച കെ.ആർ. സച്ചിദാനന്ദൻ എന്ന സച്ചി എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്.

2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്യുന്നത്. സേതു- സച്ചി തൂലികയിൽ പിറന്ന ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്, തുടങ്ങിയ ചിത്രങ്ങളാണ് ഈ കൂട്ട്കെട്ടിൽ പിറന്ന മറ്റ് ചിത്രങ്ങൾ.

2012ൽ പുറത്ത് വന്ന മോഹൻലാൽ ചിത്രമായ റൺ ബേബി റണ്ണിലൂടെ സ്വതന്ത്ര രചയിതാവ് ആകുകയായിരുന്നു. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മോഹൻലാൽ സിനിമകളിൽ ഒന്നായിരുന്നു ഇത്. പിന്നീട് ബിജു മേനോൻ, സുരേഷ് കൃഷ്ണ, മിയ, ലാൽ അഭിനയിച്ച ചേട്ടയീസ്, മേക്കപ്പ് മാൻ, രാമലീല, ഷെർലക്,ഡ്രൈവിംഗ് ലൈസൻസ്,അയ്യപ്പനും കോശിയും, അനാർക്കലി എന്നീ ചിത്രങ്ങളും രചിച്ചു.

പൃഥ്വിരാജ് ചിത്രമായ അനാർക്കലിയിലൂടെ സംവിധായകന്‍റെ കുപ്പം അണിയുകയായിരുന്നു. ആദ്യ സംവിധാന സംരംഭത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ പുറത്തിറങ്ങിയ ഒരു മനോഹര പ്രണയകാവ്യമായിരുന്നു അനാർക്കലി. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സച്ചി തന്നെയാണ് നിർവ്വഹിച്ചത്. ഈ സിനിമ ഒരു ബോക്സ്ഓഫീസ് ഹിറ്റായിരുന്നു.