‘ഭിന്നിപ്പിന്‍റെ തലവന്‍’ : മോദിക്കെതിരെ ലേഖനമെഴുതിയ ആതിഷ് തസീറിനെതിരെ സംഘപരിവാറിന്‍റെ സൈബര്‍ ആക്രമണം

Jaihind Webdesk
Saturday, May 11, 2019

മോദിയെ ഭിന്നിപ്പിന്‍റെ തലവനെന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്‍റെ ഫീച്ചർ തയ്യാറാക്കിയ ആതിഷ് തസീറിന്‍റെ വിക്കിപീഡിയ പേജിൽ സംഘപരിവാറിന്‍റെ ആക്രമണം. മാഗസിൻ പുറത്തിറങ്ങിയതിന് ശേഷം ആതിഷിന്‍റെ വിക്കിപീഡിയ പേജിൽ നിരവധി മാറ്റങ്ങൾ വരുത്തി അതിന്‍റെ സ്‌ക്രീൻ ഷോട്ട് അടക്കമാണ് ട്വിറ്റർ അടക്കമുള്ള മാധ്യമങ്ങളിലൂടെ സംഘപരിവാരം പ്രചരിപ്പിക്കുന്നത്. ബ്രിട്ടീഷ് പൗരനായ ആതിഷിന്‍റെ വിക്കിപീഡിയ പേജിൽ അദ്ദേഹം കോൺഗ്രസിന്‍റെ പിആർ മാനേജർ ആണെന്നാണ് എഡിറ്റ് ചെയ്ത് ചേർത്തിട്ടുള്ളത്.

റിപ്പോർട്ട് സത്യസന്ധമല്ലെന്ന് സ്ഥാപിക്കാനാണ് ബിജെപി അനുഭാവികളുടെ ശ്രമം. വിക്കിപീഡിയയിലെ വരുത്തിയ മാറ്റങ്ങളിൽ അക്ഷരത്തെറ്റുകളുണ്ടെന്നതും ശ്രദ്ധേയമാണ്. ആതിഷിന്‍റെ വിക്കിപീഡിയ പേജ് മോദിയെക്കുറിച്ചുള്ള ഫീച്ചർ സ്റ്റോറി ടൈം പ്രസിദ്ധീകരിച്ച ദിവസം നിരവധി തവണയാണ് എഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. മോദിസർക്കാരിന്‍റെ കഴിഞ്ഞ അഞ്ചുവർഷത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനവും മോദിയുടെ കാരിക്കേച്ചറും ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു.

ആദ്യമായല്ല മോദി ടൈം മാഗസിന്‍റെ കവറിൽ പ്രത്യക്ഷപ്പെടുന്നതെന്നതും ഇതിനുമുൻപ് എങ്ങനെയാണ് അവർ മോദിയോടു പുലർത്തിയ സമീപനമെന്നും ശ്രദ്ധേയമാണ്. 10 വർഷക്കാലം ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കേ അവിടെ മോദി നടപ്പാക്കിയ വികസനത്തെ അഭിനന്ദിച്ചു കൊണ്ടായിരുന്നു മോദി ആദ്യമായി ടൈംസിന്റെ കവറിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തത് 2015 ലായിരുന്നു. വൈ മോദി മാറ്റേഴ്സ് എന്ന തലക്കെട്ടോടുകൂടിയുള്ള കവറിൽ മോദിയുടെ ഒരു പൂർണചിത്രമാണുണ്ടായിരുന്നത്. മോദിയുമായുള്ള എക്സ്‌ക്ലൂസീവ് ഇന്‍റർവ്യൂ ആയിരുന്നു ഉള്ളടക്കം. ഏഷ്യയെ ഒരു ആഗോളശക്തിയാക്കാൻ മോദിക്കു കഴിയുമോ എന്ന ചോദ്യവും അവരതിന്‍റെ കൂടെ നൽകി.

അതിൽ നിന്നും തികച്ചും ഭിന്നമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കവർ. നാലുവർഷത്തിനുശേഷം മോദിയുടെ പ്രതിച്ഛായ കൂപ്പുകുത്തിയതിന് ഉദാഹരണം കൂടിയാണ് ന്യൂയോർക്ക് ആസ്ഥാനമായ ടൈം മാഗസിന്റെ പുതിയ ലക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.