ഗുസ്തി താരത്തിന്‍റെ കൊലപാതകം : ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ

Jaihind Webdesk
Saturday, May 22, 2021

ന്യൂഡൽഹി : ജൂനിയർ ദേശീയ ചാമ്പ്യനായ ഗുസ്തിതാരം കൊല്ലപ്പെട്ട കേസിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽനിന്നാണ് സുശീലിനെ പിടികൂടിയത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന സംഘട്ടനത്തില്‍ സാഗര്‍ കൊല്ലപ്പെട്ടത്.

ഈ മാസം നാലിനാണ് ജൂനിയർ താരം സാഗർ റാണ ഡൽഹിയിലെ സ്റ്റേഡിയത്തിൽ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് രണ്ടാഴ്ചയോളമായി ഒളിവിലായിരുന്നു സുശീൽ കുമാര്‍. മേയ് 4ന് രാത്രിയാണ് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിനു പുറത്തെ പാർക്കിംഗ് സ്ഥലത്താണ് സംഘട്ടനമുണ്ടായത്. ഡൽഹി സർക്കാരിൽ സ്പോർട്സ് ഓഫിസറായ സുശീൽ കുമാറിന്‍റെ ഓഫീസും ഈ സ്റ്റേഡിയത്തിലാണ്. ജൂനിയർ താരങ്ങളായ സാഗർ, അമിത്, സോനു എന്നിവരും റോത്തക്ക് സർവകലാശാല വിദ്യാർഥിയായ പ്രിൻസ് ദലാൽ, അജയ്, സുശീൽ കുമാർ എന്നിവരുമായി വാക്കുതർക്കവും സംഘട്ടനവുമുണ്ടായി. പൊലീസെത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ സാഗർ പിന്നീട് ആശുപത്രിയിൽ മരിച്ചു. പരിക്കേറ്റ സോനുവാണ് സുശീലും ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടെന്നു പറഞ്ഞത്. പ്രിൻസിനെ നേരത്തെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 2 ഇരട്ടക്കുഴൽ തോക്ക്, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത 2 എസ്‌യുവികൾ ഹരിയാനയിലെ ഗുണ്ടാ സംഘത്തലവൻ നവീൻ ബാലിയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രിൻസിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണു സുശീലിനും കൂടെയുള്ള 9 പേർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീൽ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സുശീൽ കുമാറിനെ വിളിപ്പിച്ചെങ്കിലും പൊലീസിന് മുന്നിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. ബെയ്ജിംഗ് ഒളിമ്പിക്സിൽ വെങ്കലവും 2012 ലണ്ടൻ ഒളിമ്പിക്സിൽ വെള്ളിയും നേടിയ താരമാണ് സുശീൽ കുമാർ.