അർജുന, ഖേൽരത്ന അവാർഡുകള്‍ തിരികെ നല്‍കി ഗുസ്തി താരം വിനേഷ് ഫോഗട്ട്; തിരിച്ചേൽപ്പിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍

Jaihind Webdesk
Saturday, December 30, 2023

ന്യൂഡൽഹി: ​അർജുന അവാർഡും ഖേൽരത്ന അവാർഡും തിരിച്ചേൽപ്പിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. കർത്തവ്യപഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലാണ് പുരസ്‌കാരങ്ങൾ വെച്ച് താരം തിരിച്ച് മടങ്ങിയത്. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചായിരുന്നു താരം പുരസ്‌കാരങ്ങൾ തിരികെ നല്‍കിയത്.

ബ്രിജ് ഭൂഷണെതിരെ നടപടി ഉണ്ടാവുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. അതേസമയം ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നേരത്തെ ബ്രിജ് ഭൂഷൺന്റെ വിശ്വസ്തന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ബജ്രം​ഗ് പുനിയ പത്മശ്രീ പുരസ്കാരം തിരിച്ചുനൽകിയിരുന്നു. സാക്ഷി മാലിക്ക് ​തന്റെ ​ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സംഭവം.

മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരവും അർജുന അവാർഡും തിരികെ നൽകുമെന്ന് ഗുസ്തി താരമായ വിനേഷ് ഫോ​ഗട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിനേഷ് ഫോഗട്ട് തന്‍റെ പുരസ്കാരങ്ങള്‍ തിരികെ നല്‍കിയത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങും അറിയിച്ചിരുന്നു.