
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. പൂർണമായി കത്തിനശിച്ച നിലയിലാണ് വിമാനഭാഗം കണ്ടെത്തിയത്. എന്നാൽ വിമാനത്തിന്റെ പൈലറ്റിനായുള്ള തെരച്ചിൽ തുടരുകയാണ്.
അസമിൽ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സുഖോയ് -30 എം കെ 1 യുദ്ധ വിമാനം തകർന്നു വീണത്. ആശയവിനിമയം വൈകുന്നേരം 7:42 ന് നഷ്ടപ്പെട്ടതായി അധികൃതർ വ്യക്തമാക്കുന്നു. പരിശീലന ദൗത്യത്തിലായിരുന്ന സുഖോയ് -30 എം കെ 1 ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് പ്രദേശത്ത് തകർന്നുവീണതായി വ്യോമസേനയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വിമാനവുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പി.ആർ.ഒ അറിയിച്ചിരുന്നു.
റഷ്യൻ നിർമ്മിത വിമാനമാണ് സുഖോയ് -30 എം കെ 1 . റഷ്യൻ വിമാന നിർമ്മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുള്ള മൾട്ടിറോൾ ലോംഗ് റേഞ്ച് യുദ്ധവിമാനമാണ് സുഖോയ് -30 എം കെ 1. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി എച്ച് എ എൽ ലൈസൻസിന് കീഴിലാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്. വ്യോമസേനയ്ക്ക് നിലവിൽ 260-ലധികം സുഖോയ് വിമാനങ്ങളാണുള്ളത്.