പുതുവര്‍ഷത്തെ വരവേറ്റ് ലോകം; 2024 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍

Jaihind Webdesk
Sunday, December 31, 2023

പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ആദ്യമായി പുതുവർഷം എത്തിയത് കിരിബാത്തി ദ്വീപില്‍. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. ഇതോടെ മറ്റിടങ്ങളിലും പുതുവർഷത്തെ സ്വീകരിക്കാൻ ലോകം ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്.

ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക് പ്രവേശിക്കും. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവര്‍ഷം പിറവിയെടുക്കുക ഇന്ത്യയില്‍ ജനുവരി 1 പകല്‍ 4.30 ആകുമ്പോഴാണ്.