ലോകം 2020ല്‍ കണ്ടത്…

B.S. Shiju
Thursday, December 31, 2020

കൊവിഡിന്‍റെ നിഴലിലമർന്ന വർഷമായിരുന്നു 2020. ലോക്ഡൗൺ ഉൾപ്പെടെയുള്ള നടപടികളിലൂടെ ജനങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയും സംജാതമായി. 2020 ന്‍റെ തുടക്കവും അവസാനവും കൊവിഡ് വാർത്തകളാൽ നിറയുമ്പോൾ അമേരിക്കൻ തെരഞ്ഞെടുപ്പിനു പോലും രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളു. 2020 ൽ വാർത്താ പ്രാധാന്യം നേടിയ സംഭവങ്ങൾ ഏറെയാണ്.

ചൈനയിലെ വുഹാനിൽ തുടങ്ങിയ കൊവിഡ് 19 ലോക രാജ്യങ്ങളിലേക്കു വ്യാപിച്ചു തുടങ്ങിയത് 2020 ന്‍റെ ആദ്യമാസങ്ങളിലാണ്. യൂറോപ്പിലും യുഎസിലുമായിരുന്നു വ്യാപന, മരണ നിരക്ക് കൂടുതൽ. പിന്നീട് ബ്രസീൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് പിടിമുറുക്കി. കൊവിഡിനെ ചെറുക്കാനുള്ള വാക്‌സിനു വേണ്ടി പരീക്ഷണങ്ങളും ആരംഭിച്ചു. എന്നാൽ ഡിസംബർ അവസാനമായപ്പോഴേക്കും ബ്രിട്ടനിൽ നിന്നുള്ള മറ്റൊരു വാർത്ത വീണ്ടും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കൊവിഡ് 19 ന് കാരണമായ കൊറോണ വൈറസ് ജനിതകമാറ്റം സംഭവിച്ച് വ്യാപിക്കുന്നു.

തികച്ചും വ്യത്യസ്തമായ ശൈലിയോടെ അമേരിക്ക ഭരിച്ച ഡോണൾഡ് ട്രംപിന് ഭരണത്തുടർച്ച ലഭിക്കുമോ എന്നത് അമേരിക്കക്കാരുടെ മാത്രമല്ല ലോകത്തിന്‍റെ മുഴുവൻ ആകാംക്ഷയായിരുന്നു. നവംബർ 3 നായിരുന്നു തെരഞ്ഞെടുപ്പ്. സർവേ ഫലങ്ങൾ പോലെതന്നെ ബൈഡൻ വിജയിച്ചു. എന്നാൽ ഫലം വന്ന ആദ്യ ദിവസങ്ങളിൽ അമേരിക്കയും ലോക രാജ്യങ്ങളും അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ ഇലക്ടറൽ കോളജ് വോട്ടെടുപ്പിലും വിജയിച്ച് ബൈഡന്‍റെ അധികാരം ഉറപ്പിച്ചാണ് 2020 വിട പറയുന്നത്.

അമേരിക്ക-റഷ്യ ശീത സമരത്തിനു ശേഷം, അമേരിക്ക-ചൈന ശീത സമരത്തിന് 2020 തുടക്കം കുറിച്ചിരിക്കുകയാണ്. സൗത്ത് ചൈന കടലിലെ അമേരിക്കൻ, ചൈന നാവിക ശക്തി പ്രകടനങ്ങളും 2020 ലെ വാർത്തകളിൽ നിറഞ്ഞു നിന്നു.

ലോക ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തങ്ങളിൽ ഒന്നിനാണ് 2020 സാക്ഷ്യം വഹിച്ചത്. പുതുവർഷത്തിലേക്ക് ഓസ്‌ട്രേലിയ പിറന്നു വീണതു തന്നെ നെഞ്ചിൽ തീയുമായാണ്. 2019 അവസാന മാസങ്ങളിൽ കുറ്റിക്കാടുകളിൽ പിടിച്ചു തുടങ്ങിയ തീ 2020 ജനുവരിയിൽ സംഹാരതാണ്ഡവം ആടുകയായിരുന്നു. 100 കോടി ജീവികൾ വെന്തു മരിച്ചു.

മധ്യപൂർവ ദേശത്ത് സമാധാനത്തിന്‍റെ പുതിയ അധ്യായം കുറിച്ച് ഇസ്രയേലും യുഎഇയും കരാർ ഒപ്പിട്ടു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണ് ചരിത്രം സൃഷ്ടിച്ച ഈ കരാറിന്‍റെ മധ്യസ്ഥൻ. വർഷങ്ങൾ നീണ്ട അഫ്ഗാൻ കലാപങ്ങൾക്ക് അവസാനം കാണാൻ വഴിയൊരുക്കിയ വർഷമാണ് 2020. ഖത്തർ മുൻകയ്യെടുത്തു നടത്തിയ ചർച്ചകളുടെ ഫലമായി ഫെബ്രുവരി 29 ന് അമേരിക്കയും താലിബാനും ദോഹയിൽ സമാധാനക്കാർ ഒപ്പു വച്ചു.

2020 പുതു വർഷത്തിന്‍റെ ആദ്യ നാളുകളിൽ ലോക സമാധാനത്തിന് വെല്ലുവിളി ഉയർത്തിയ സംഭവമാണ് ഇറാനിലെ ജനറൽ ഖാസിം സുലൈമാനി വധം. സുലൈമാനിയുടെ വധം ഇറാനെതിരെയുള്ള യുദ്ധപ്രഖ്യാപനമായാണ് വിലയിരുത്തപ്പെട്ടത്. 2020 ന്‍റെ തുടക്കത്തിലെന്ന പോലെ അവസാനത്തിലും ഇറാനിലെ ഒരു പ്രമുഖൻ കൊല്ലപ്പെട്ടത് മധ്യപൂർവ മേഖലയെ വീണ്ടും സംഘർഷത്തിലാക്കി.

1962 ലെ ഇന്ത്യ ചൈന യുദ്ധത്തിനു ശേഷം ഇന്ത്യയും ചൈനയും വീണ്ടുമൊരു ഏറ്റുമുട്ടലിന്‍റെ അടുത്തുവരെയെത്തിയ വർഷമാണ് 2020. ഇന്ത്യ ചൈന അതിർത്തി തർക്കമാണ് ഇക്കുറിയും പ്രശ്‌നങ്ങൾക്കു തുടക്കമിട്ടത്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനയുമായുള്ള സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർ വീരമ്യത്യു വരിച്ചു.

2020 അവസാനിക്കുമ്പോഴും ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിന് കാര്യമായ അയവ് വന്നിട്ടില്ല. ലോകത്തിന്‍റെ ഭാവി നിർണയിക്കുന്ന രാജ്യങ്ങളിൽ പ്രധാന സ്ഥാനത്താണ് റഷ്യ. അതിനാൽ അവിടുത്തെ ഭരണാധികാരി ആര് എന്നത് ലോകത്തിനു പ്രധാനം തന്നെ. റഷ്യൻ പ്രസിഡന്‍റ് വ്‌ലാഡിമിർ പുടിന് 2036 വരെ ഭരണത്തിൽ തുടരാൻ അവസരം ഒരുക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ജനകീയ അംഗീകാരം ലഭിച്ചത് ലോകം ശ്രദ്ധിച്ച സംഭവമായിരുന്നു.