ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

Jaihind News Bureau
Wednesday, August 19, 2020

ലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രനേട്ടം എന്നതിലുപരി  കടന്നുപോകുന്ന ഓരോ നിമിഷവും പകർത്തിവെക്കപ്പെടുന്നതിൽ മനുഷ്യന്‍റെ സന്തത സഹചാരികൾ കൂടി ആകുകയാണ് ഇന്ന് ക്യാമറകൾ.. ശാസ്ത്ര സാങ്കേതികക്കപ്പുറം കലയും കൂടിച്ചേരുമ്പോൾ ഫോട്ടോഗ്രാഫിയിലെ മികച്ച കലാകാരന്മാരെയും കൂടി ഓർമ്മിപ്പിച്ചു കൊണ്ട്  ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം..

ഫോട്ടോഗ്രാഫി പറഞ്ഞുതരാൻ പറ്റില്ല പക്ഷെ പഠിക്കാൻ പറ്റും.  മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയിൽ നിന്നും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരുടെ മനസിലേക്ക് തുളഞ്ഞുകയറിയ ഒരു ഡയലോഗ് ആയിരുന്നു അത്… തെല്ലിട നേരത്തിൽ മിന്നിമറയുന്ന അനിർവചനീയ ഗാന്ധിയായ ജീവിത നിമിഷങ്ങളെ ഒരൊറ്റ ക്ലിക്കിൽ ഒപ്പിയെടുക്കുമ്പോൾ പിന്നീട് അവ എക്കാലവും കത്തുസൂക്ഷികനാകുന്ന അമൂല്യ നിധിയായിമാറുന്നു… ശാസ്ത്രത്തിന് ലഭിച്ച എക്കാലത്തെയും മികച്ച കണ്ടുപിടുത്തം തന്നെയായിരുന്നു ക്യാമറയുടേത്.  ക്യാമറയിൽ പതിയുന്ന ഓരോ ചിത്രത്തിനും ഒരുപാട് കഥകൾ പറയാനുണ്ടാകും. അവ സമ്മാനിച്ചതാകട്ടെ ഫോട്ടോഗ്രാഫി എന്ന കലയേയും വിസ്മയവും ആകാംഷഭരിതവുമാക്കിയ നിരവധി മികച്ച ഫോട്ടോഗ്രാഫർമാരെയും.  ലോകത്ത് സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ദുരന്തത്തിന്‍റെയും യുദ്ധത്തിന്‍റെയും മരണത്തിന്‍റെയും കഥകൾ പറഞ്ഞ നിരവധി ഫോട്ടോഗ്രാഫുകൾ പിന്നീട് ലോകത്താകമാനം തന്നെ വലിയ ചർച്ചകൾക്കും മാറ്റത്തിനും വരെ വഴി തെളിച്ചിട്ടുണ്ട്.

ചരിത്രം സൃഷ്ടിച്ച ലോകത്തിലെ ആദ്യ ഫോട്ടോയും ഫോട്ടോഗ്രാഫറും

ചരിത്രം സൃഷ്ടിച്ച ലോകത്തിലെ ആദ്യ ഫോട്ടോ പിറന്നത് പക്ഷേ 1826ല്‍ ജോസഫ് നീസ് ഫോര്‍ നീപ്‌സ് ക്യാമറയില്‍ നിന്നായിരുന്നു. ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ ഏറ്റവും വഴിത്തിരിവായിരുന്നു ഇത്. ക്യാമറയില്‍ വീഴുന്ന പ്രതിബിംബത്തിന്‍റെ ചിത്രം ജോസഫ് നീസ് ഫോര്‍ നീപ്‌സ് പകര്‍ത്തി. ജനാലയില്‍ നിന്നുള്ള കാഴ്ചയാണ് ചരിത്രത്തിലെ ആദ്യത്തെ ഫൊട്ടോ. ടാര്‍ പുരട്ടിയ പ്യൂട്ടര്‍ പ്ലേറ്റിലൂടെ പകര്‍ത്തിയ ഈ ചിത്രം എടുക്കാന്‍ എട്ടുമണിക്കൂറാണ് വേണ്ടി വന്നത്.

1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവൺമെന്‍റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളിൽ ഒന്നായ ഡെഗ്രോടൈപ്പ് ഫോട്ടോഗ്രഫി ലോകത്തിന് സമർപ്പിച്ചതിന്‍റെ ഓർമ്മ ദിനമാണ് ലോക ഫൊട്ടോഗ്രഫി ദിനമായി ആഘോഷിക്കുന്നത്.  ലൂയി ഡെഗ്വരെ എന്ന ഫ്രഞ്ച്കാരനെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവെന്ന് വിശേഷിപ്പിക്കുന്നത്. മനുഷ്യന് ചുറ്റുമുള്ള എന്തിനേയും പകർത്തിവയ്ക്കാനുള്ള ക്യാമറയുടെ കണ്ടുപിടുത്തം മനുഷ്യപുരോഗതിയിൽ തന്നെ നിർണായക സ്വാധീന ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ചെലുത്തിയിട്ടുണ്ട്. മനുഷ്യന്‍റെ പല നേട്ടങ്ങൾക്കും പിന്നിൽ ക്യാമറയും ഒരു നിർണായക സ്വാധീന ശക്തിയായി പ്രവർത്തിച്ചിട്ടുമുണ്ട്.

എഡി 1015ൽ അറബ് പണ്ഡിതനായ ഇബ്ൻ അൽ ഹെയ്തം ആണ് സൂചിക്കുഴി ക്യാമറ അഥവാ പിൻഹോൾ ക്യാമറ എന്ന ആശയം ലോകത്തിനു മുന്നിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ദ്വാരം ചെറുതാകുന്തോറും പ്രതിബിംബത്തിന്‍റെ വ്യക്തത ഏറുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഇതിനെ തുടർന്ന് നിരവധി പഠനങ്ങൾ ലോകത്തിന്‍റെ പലഭാഗങ്ങളിലായി നടന്നു. ഇത് പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും വഴി തെളിച്ചു.

ക്യാമറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പായിരുന്നു 1837ൽ ഡാഗുറെയുടെ കണ്ടുപിടുത്തം. സിൽവർ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റിൽ ഒരു വസ്തുവിന്‍റെ പ്രതിബിംബം കൃത്യമായി മിനിറ്റുകൾക്കുള്ളിൽ പതിപ്പിക്കുന്നതിനും പിന്നീട് പ്രതിബിംബം പ്ലേറ്റിൽ സ്ഥിരമായി ഉറപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. ഇത് ഫൊട്ടോഗ്രഫിയെ കൂടുതൽ ജനകീയമാക്കി മാറ്റി.

ഫൊട്ടോഗ്രാഫിക് പ്ലേറ്റുകളിലാണ് ആദ്യകാലത്ത് ഫൊട്ടോകള്‍ എടുത്തിരുന്നത്. എന്നാല്‍ ഇത് കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ട് രാസമാറ്റം നടത്താന്‍ കഴിയുന്ന ഫിലിമുകളുടെ കണ്ടുപിടുത്തത്തിന് വഴിതെളിച്ചു. ഫോട്ടോഗ്രഫിയുടെ വിപ്ലവാത്മക മാറ്റമെന്ന നിലയിലായിരുന്നു ഈ കണ്ടുപിടുത്തം. ഇരുപതാം നൂറ്റാണ്ടുമുതല്‍ ലോകത്ത് ഫിലിമുകള്‍ സജീവമായി ഉപയോഗിക്കാന്‍ തുടങ്ങി. ഫിലിമുകൾ ഫൊട്ടോഗ്രഫി എന്ന മേഖലയ്ക്ക് ഒരു പ്രത്യേക ഭാവം തന്നെ ആദ്യകാലത്ത് നേടിക്കൊടുത്തു.

21 ആം നൂറ്റാണ്ടിലാണ് ആദ്യ ഡിജിറ്റൽ ക്യാമറയുടെ കണ്ടുപിടുത്തം. തുടർന്ന് ഇന്നുവരെ ലോകത്തെ ഞെട്ടിച്ച മാറ്റങ്ങളാണ് ഫോട്ടോഗ്രഫിയിൽ ഉണ്ടായത്. അതേസമയം ഫോട്ടോഗ്രഫിയിൽ കഴിവ് തെളിയിച്ച നിരവധി ഫോട്ടോഗ്രഫർമാരും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്, വിയറ്റ്‌നാം ഭീകരതയെ പകർത്തിയ നിക്കൂട്ട്, പട്ടിണിയും മരണവും ഒരുപോലെ കാണിച്ചുതന്ന കെവിൻ കാർട്ടർ, തുടങ്ങി നിരവധി പേർ അതിന് ഉദാഹരണമാണ്. ആധുനികതക്കൊപ്പം സാങ്കേതികതയും വളരുന്ന കാലത്ത് ഫോട്ടോഗ്രഫിയും ഏറെ മാറിയിരിക്കുന്നു, ഒപ്പം ക്യാമറയും.

ഇന്ന് ഫോട്ടാഗ്രഫി കൂടുതൽ ജനകീയമായിരിക്കുന്നു. ക്യാമറകൾ ഇന്ന് ജീവിതത്തിന്‍റെ ഭാഗമാകുമ്പോൾ മൊബൈൽ ക്യാമറയിൽ സെൽഫികളിൽ ജിവിതത്തിന്‍റെ ഓരോ സെക്കന്‍റും പകർത്തപ്പെടുമ്പോൾ ക്യാമറയെ നെഞ്ചോട് ചേർത്തവരെയും ഫോട്ടോഗ്രഫിക്കായി ജീവത്യാഗം വരിച്ചവരെയും സ്മരിക്കുവാനും ഈ ദിനം ഓർമ്മപ്പെടുത്തുന്നു. ഫോട്ടോഗ്രഫിക്ക് ഇന്ന് കലയുടെ മാനവും വന്നുചേർന്നിരിക്കുന്നു. വരാനിരിക്കുന്ന പുത്തൻ ഉണർവുകൾക്കായും കലാകാരൻമാർക്കായും ഫോട്ടോഗ്രഫിയുടെ ലോകത്തെ അനന്തസാധ്യതകളും കാത്തിരിക്കുകയാണ്.