ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്‍റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മേയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്. അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും 1886ൽ നടന്ന ‘ഹേ മാർക്കറ്റ്’ കലാപത്തിന്‍റെ സ്മരണ പുതുക്കലായാണ് വർഷം തോറും തൊഴിലാളി ദിനം ആചരിക്കുന്നത്.
1886ൽ ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്മരണകൾക്ക് മുന്നിലാണ് ഓരോ തൊഴിലാളിദിനവും ആചരിക്കപ്പെടുന്നത്. അന്നവർ ചിന്തിയ ചോര, തൊഴിലാളി സമൂഹത്തിന്റെ ആകെ ആവേശമായി. എട്ട് മണിക്കൂർ ജോലി എട്ട് മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ലോകം മുഴുവൻ മുഴങ്ങി. തൊഴിലാളികളുടെ സംഘശക്തിക്ക് മുന്നിൽ അധികാര കേന്ദ്രങ്ങൾ തകർന്നു. പുതിയ അധികാര ക്രമങ്ങൾ തന്നെ രൂപപ്പെട്ടു.
പക്ഷെ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിൻറെ നില എല്ലായിടത്തും പരിതാപകരമാണ് . ലോകം അതിഭീകരമായ തൊഴിലില്ലായ്മയിലൂടെ കടന്നുപോകുന്നുവെന്നത് ഞെട്ടിക്കുന്ന മറ്റൊരു യാഥാർത്ഥ്യം.
തൊഴിലിനും തൊഴിൽ അവകാശങ്ങൾക്കും രാജ്യത്തിന്‍റേയോ, ഭാഷയുടേയോ, അതിർവരമ്പുകളില്ലെന്നും, തൊഴിലാളികളുടേയെല്ലാം അടിസ്ഥാന പ്രശ്‌നം ഒന്നും തന്നെയാണെന്നും ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന്. അവകാശങ്ങൾ നേടിയെടുക്കാൻ ഏറെ ത്യാഗങ്ങൾ സഹിക്കേണ്ടി വന്ന തൊഴിൽ സമൂഹമാണ് നമ്മുടേത്. കാലമേറെ കഴിഞ്ഞിട്ടും ഇന്നും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇവിടെ മെയ് ദിനം ഉണർത്തുന്ന ചിന്തകൾക്ക് പ്രസക്തിയേറുകയാണ്. ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവർഗ്ഗത്തിന്റെയും കടന്നാക്രമണങ്ങളെ ചെറുക്കാനും, ഈ സാർവ്വദേശിയ തൊഴിലാളി ദിനത്തിന്ന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.