വേള്‍ഡ് എക്‌സ്‌പോ യുഎഇ സമ്പദ് വ്യവസ്ഥയ്ക്കുള്ള മികച്ച വാക്‌സിന്‍: എംഎ യൂസഫലി

Friday, October 1, 2021

 

ദുബായ് : യുഎഇ സമ്പദ് വ്യവസ്ഥയ്ക്കും റീട്ടെയ്ല്‍ മേഖലയ്ക്കും ലഭിച്ച ഏറ്റവും മികച്ച വാക്‌സിനാണ് യുഎഇ വേള്‍ഡ് എക്‌സ്‌പോയെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ഈ ആഗോള പരിപാടി അവസരങ്ങളുടെയും നിക്ഷേപങ്ങളുടെയും വാതിലുകളാണ് ലോകത്തിന് മുന്നില്‍ തുറക്കുന്നത്. ആഗോള പുരോഗതിയില്‍ എക്‌സ്‌പോ ഒരു പുതിയ അധ്യായമായി അടയാളപ്പെടുത്തുമെന്നും യൂസഫലി ദുബായില്‍ പറഞ്ഞു.

പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിലും രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ സ്വീകരിച്ച നടപടികളെ ലോകം മുഴുവന്‍ അഭിനന്ദിക്കുന്നു. എല്ലാവരെയും പോലെ താനും ദുബായിയുടെയും യുഎഇയുടെയും യഥാര്‍ത്ഥ ആത്മാവ് കാണിക്കാനും ലോകത്തെ സ്വീകരിക്കാനും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പകര്‍ച്ചവ്യാധിക്കുശേഷം സമൃദ്ധിയും പുരോഗതിയും തിരിച്ചുപിടിക്കാന്‍ നാമെല്ലാവരും ഉത്സുകരാണ്. കൂടാതെ സാങ്കേതികവും സാംസ്‌കാരികവുമായ വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് എക്‌സ്‌പോയില്‍ രാജ്യങ്ങള്‍ അവരുടെ മികച്ച കാല്‍വെപ്പ് നടത്തുകയാണെന്നും എംഎ യൂസഫലി പറഞ്ഞു.