ലോകകപ്പ് : ആദ്യ ഓവര്‍ എറിഞ്ഞ സ്പിന്നര്‍; തുടക്കം ഗംഭീരമാക്കി താഹിര്‍; ഗോൾഡൻ ഡക്കായി ജോണി ബെയർസ്റ്റോ

Thursday, May 30, 2019

ലോക ക്രിക്കറ്റ് മാമാങ്കത്തിന് ലോര്‍ഡ്സില്‍ തുടക്കമായപ്പോള്‍ താരമായത് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആദ്യ ഓവര്‍ പന്തെറിയാനെത്തിയ താഹിര്‍ സ്വന്തമാക്കിയത് ലോകകപ്പിന്‍റെ ആദ്യ ഓവര്‍ എറിഞ്ഞ സ്പിന്‍ ബൗളര്‍ എന്ന ബഹുമതിയാണ്. ഇന്നേവരെ ഒരു ലോകകപ്പിലും ആദ്യ ഓവറിനായി ഒരു സ്പിന്നര്‍ എത്തിയിട്ടില്ല. ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ രണ്ടാം പന്തില്‍ തന്നെ എതിര്‍ ക്യാമ്പിലെ അപകടകാരിയായ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോവിന്‍റെ സ്റ്റമ്പ് തെറിപ്പിക്കാനും താഹിറിന് കഴിഞ്ഞു. താഹിറിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡികോക്ക് ക്യാച്ചെടുത്തു. ലോകകപ്പ് ക്രിക്കറ്റില്‍ വിജയത്തുടക്കം തേടുന്ന ആതിഥേയരായ ഇംഗ്ലണ്ടിന് ഏറ്റ ആദ്യ തിരിച്ചടിയായി ഗോൾഡൻ ഡക്കായുള്ള ജോണി ബെയര്‍സ്‌റ്റോയുടെ മടക്കം.

ലോകകപ്പില്‍ നേരിട്ട ആദ്യ പന്തില്‍തന്നെ ‘സംപൂജ്യ’നായി മടങ്ങുക എന്ന നാണക്കേടോടെ ഈ ലോകകപ്പിന്‍റെ താരമാകുമെന്നു വിലയിരുത്തപ്പെട്ട ബെയര്‍‌സ്റ്റോ മടങ്ങുമ്പോള്‍ മികച്ച റണ്‍റേറ്റോടെ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിടാനുള്ള ഇംഗ്ലണ്ടിന്‍റെ മോഹത്തിനും തിരിച്ചടിയായി.