രാഹുല്‍ പ്രതിപക്ഷ നേതാവ് ആകണമെന്ന് പ്രവർത്തകസമിതി; പ്രമേയം പാസാക്കി

Jaihind Webdesk
Saturday, June 8, 2024

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി. പ്രമേയം പാസാക്കി. ഭാരത് ജോഡോ യാത്ര വൻ വിജയമെന്നും കോൺഗ്രസിന്‍റെ ഉയർത്തെഴുന്നേൽപ്പിന് തുടക്കമായെന്നും യോഗം വിലയിരുത്തി. യുപി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി ശക്തിപ്പെടേണ്ടതുണ്ട് എന്നതിനാൽ റായ്ബറേലി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്.

ജനങ്ങളെ വിഭജിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. തൊഴിലില്ലായ്മയോ വിലക്കയറ്റമോ ബിജെപിയുടെ അജണ്ടയിൽ ഇല്ലായിരുന്നുവെന്നും പ്രവർത്തക സമിതി വിലയിരുത്തി. തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കോൺഗ്രസിന് കഴിഞ്ഞെന്നാണ് പ്രവർത്തക സമിതിയോഗത്തിന്‍റെ വിലയിരുത്തൽ. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി തകർക്കാൻ ശ്രമിച്ചെന്നും ഇതിനെയെല്ലാം മറികടന്നുള്ള വിജയമാണ് ഇന്ത്യാ സഖ്യം നേടിയതെന്നും യോഗത്തിന് ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റത്തിന് മല്ലികാർജുന്‍ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ വഹിച്ച പങ്കിന് പ്രവർത്തകസമിതി നന്ദി രേഖപ്പെടുത്തി.

വലിയ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചാണ് കോൺഗ്രസിന്‍റെ വിജയം. താഴേത്തട്ട് മുതലുള്ള മുഴുവൻ കോൺഗ്രസ് പ്രവർത്തകരും മുകളിലുള്ള നേതാക്കളും ഒരേപോലെ ഒരേ മനസോടെ പ്രവർത്തിച്ചെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ജനാധിപത്യത്തെയും രാജ്യത്തെയും രക്ഷിക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകനും പോരാളികളായി മാറി. തിരഞ്ഞെടുപ്പിൽ പ്രകടനം പിന്നോട്ടു പോയ സംസ്ഥാനങ്ങളിലെ ഫലം വിശദമായി പഠിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.