ഇത് വേറിട്ട പുതുവര്‍ഷം ; തൊഴിലാളികള്‍ക്ക് കാറുകളും സ്വര്‍ണവുമായി 5 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍

Jaihind News Bureau
Tuesday, December 30, 2025

ദുബായ് : ഇത് വേറിട്ട പുതുവര്‍ഷം. കൈ നിറയെ സമ്മാനങ്ങളും കാറും സ്വര്‍ണ്ണവും നേടാന്‍ അവസരം. ദുബായിലാണ് ഗവര്‍മെന്റ് നേതൃത്വത്തില്‍, തൊഴിലാളികള്‍ക്കായി ഇത്തരത്തില്‍ മെഗാ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിക്കുന്നത്. കാറുകളും സ്വര്‍ണവും ഉള്‍പ്പെടെ 5 ലക്ഷം ദിര്‍ഹത്തിലധികം സമ്മാനങ്ങള്‍ ഇതോടൊപ്പം പ്രഖ്യാപിച്ചു. ഡിസംബര്‍ 31 ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടികള്‍ അര്‍ധരാത്രി വരെ തുടരും. ബോളുവുഡ് താരനിര അണിനിരക്കുന്ന വമ്പന്‍ ഉത്സവം , ഇതോടെ ആവേശമായി മാറും. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് തൊഴിലാളി സമൂഹത്തിനായുള്ള ഈ പുതുവര്‍ഷ ആഘോഷം. ദുബായ് അല്‍ ഖൂസിലാണ് പ്രധാന വേദി. ജബല്‍ അലി, മുഹൈസ്‌ന തുടങ്ങിയ തൊഴിലാളി കേന്ദ്രങ്ങളിലും ഓണ്‍-ഗ്രൗണ്ട് ആഘോഷങ്ങള്‍ നടക്കും. സൗജന്യ രജിസ്ട്രേഷനിലൂടെ എല്ലാ ഇവന്റുകളിലും നറുക്കെടുപ്പുകളിലും തൊഴിലാളികള്‍ക്ക് പങ്കെടുക്കാനാകും. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് ഇതില്‍ സംബന്ധിക്കാം.

REPORT : ELVIS CHUMAMR- JAIHIND TV MIDDLE EAST BUREAU