ഷാര്‍ജയില്‍ ഫെബ്രുവരി 14 മുതല്‍ ‘വര്‍ക്ക് ഫ്രം ഹോം’ ; റാസല്‍ഖൈമയില്‍ മാര്‍ച്ച് 5 വരെ ആഘോഷങ്ങള്‍ നിര്‍ത്തി ; കൊവിഡ് നിയന്ത്രണം കടുപ്പിച്ച് യുഎഇ

Jaihind News Bureau
Wednesday, February 10, 2021

ദുബായ് : യുഎഇയിലെ ഷാര്‍ജയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍, ‘വര്‍ക്ക് ഫ്രം ഹോം’ നിയമം പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതല്‍ ഇത് നിലവില്‍ വരുമെന്ന് ഷാര്‍ജ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമണ്‍ റിസോഴ്സസ് അധികൃതര്‍ അറിയിച്ചു. നിലവില്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് ‘വര്‍ക്ക് ഫ്രം ഹോം’ സൗകര്യം അനുവദിച്ചത്. ഇതുസംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ നല്‍കി.

അതേസമയം, ഷാര്‍ജയിലെ സ്വകാര്യ മേഖലയില്‍ ഇത് പ്രഖ്യാപിച്ചിട്ടില്ല. എത്ര ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യണമെന്ന് അതാത് വകുപ്പുകള്‍ക്ക് സ്വയം തീരുമാനിക്കാം. എല്ലാ ജീവനക്കാരുടെയും കൊവിഡ് സുരക്ഷ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ ഓഫീസില്‍ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്. ആകെയെണ്ണത്തിന്‍റെ പകുതി മാത്രമേ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ പാടുള്ളൂ എന്നും നിയമത്തില്‍ പറയുന്നു.

റാസല്‍ഖൈമയിലും കടുത്ത നിയന്ത്രണം

റാസല്‍ഖൈമ : യുഎഇയിലെ വടക്കന്‍ നഗരമായ റാസല്‍ ഖൈമ മേഖലയില്‍ ഇനി വിവാഹ വിരുന്നും പാര്‍ട്ടി ആഘോഷങ്ങളും നിര്‍ത്തിവെച്ചു. ഫെബ്രുവരി പത്ത് മുതല്‍ മാര്‍ച്ച് മാസം 5 വരെയാണ് ഈ നിയമം. റാസല്‍ ഖൈമ സാമ്പത്തിക വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന്‍റെ ഭാഗമായി എമിറേറ്റിലെ എല്ലാ വിവാഹ, ആഘോഷ ഹാളുകളും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.