തമിഴ്‌നാടിനെ നാഗ്പൂരില്‍നിന്ന് നിയന്ത്രിക്കാന്‍ അനുവദിക്കില്ല: കോണ്‍ഗ്രസിന്റെ സഖ്യം ജനങ്ങളുമായിട്ട്: രാഹുല്‍ ഗാന്ധി

ചെന്നൈ: തമിഴ്‌നാട്ടിലെ ജനങ്ങളെ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തുനിന്ന് നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിലെ അടുത്ത മുഖ്യമന്ത്രി സ്റ്റാലിന്‍ ആയിരിക്കുമെന്നും രാഹുല്‍ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു. ജനങ്ങളുമായിട്ടാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഡി.എം.കെയും കോണ്‍ഗ്രസും സ്വാതന്ത്ര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളെ നാഗ്പൂരില്‍ നിന്ന് നിയന്ത്രിക്കുന്ന അവസ്ഥ ഇനിയുണ്ടാകില്ല – രാഹുല്‍ഗാന്ധി വ്യക്തമാക്കി. ആര്‍.എസ്.എസ് ആശയങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം. ‘തമിഴ്‌നാടിനെ ഭരിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നായിരിക്കും, സ്റ്റാലിന്‍ ഉടനെ തമിഴ്‌നാട് മുഖ്യമന്ത്രിയാകും’ -രാഹുല്‍ഗാന്ധി പറഞ്ഞു. ഭരണത്തിലെത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുമെന്നും കൃഷ്ണഗിരിയിലെ റാലിയെ അഭിമുഖീകരിച്ച് രാഹുല്‍ഗാന്ധി വ്യക്തമാക്കി.

രാജ്യത്തെ ദാരിദ്യ്രത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് തന്റെ ലക്ഷ്യം. നാട്, മതം, ജാതി എന്നിവ കണക്കാക്കാതെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ ന്യായ് പദ്ധതിയിലൂടെ പണം എത്തുമെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി 15 പേരെ കൂടെനിര്‍ത്തിയാണ് മോദി ഭരണം നടത്തിയത്. അവര്‍ ആരൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയുമോ.. അനില്‍ അംബാനി, മെഹൂല്‍ ചോക്‌സി, നീരവ് മോദി തുടങ്ങിയവരൊക്കെയാണ് മോദിയുടെ ആ സുഹൃത്തുക്കളെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

dmkrahul gandhiAICC
Comments (0)
Add Comment