മുംബൈ : കൊറോണയെ പ്രതിരോധിക്കാനെന്ന പേരില്‍ യോഗ ഗുരു ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ മരുന്നിന്‍റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. കൊറോണില്‍ എന്ന പേരില്‍ പുറത്തിറക്കിയ മരുന്ന് കൃത്യമായ പരിശോധനകളും പരീക്ഷണങ്ങള്‍ക്കും ശേഷമാണോ വിപണിയിലെത്തിച്ചത് എന്നത് സംബന്ധിച്ച് പരിശോധിക്കും. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ബാബാ രാംദേവിന് താക്കീത് നല്‍കി.
കൊറോണിലില്‍ കൃത്യമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പരിശോധിക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യാജ മരുന്നുകളുടെ വില്‍പന അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുന്നു – അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു.
The National Institute of Medical Sciences, Jaipur will find out whether clinical trials of @PypAyurved's 'Coronil' were done at all. An abundant warning to @yogrishiramdev that Maharashtra won't allow sale of spurious medicines. #MaharashtraGovtCares#NoPlayingWithLives
— ANIL DESHMUKH (@AnilDeshmukhNCP) June 24, 2020
ജനങ്ങളുടെ സുരക്ഷയില്‍ മഹാരാഷ്ട്ര സർക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് മഹാരാഷ്ട്ര സർക്കാരിന്‍റെ ട്വീറ്റ്.
കൊവിഡ്-19 രോഗത്തെ പ്രതിരോധിക്കാനുള്ള ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഒരാഴ്ച കൊണ്ട് രോഗം ഭേദമാക്കും എന്നുമാണ് ബാബാ രാംദേവിന്‍റെ പതഞ്ജലി കമ്പനി അവകാശവാദം ഉന്നയിക്കുന്നത്. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്‍റെ പരീക്ഷണം നൂറ് ശതമാനം മരുന്ന് വിജയമാണെന്നും പതഞ്ജലി ഗ്രൂപ്പ് അവകാശപ്പെട്ടിട്ടു. രാജ്യത്തെ 280 കൊവിഡ് രോഗികളില്‍ മരുന്ന് ഫലം കണ്ടെന്നാണ് രാംദേവ് അവകാശപ്പെട്ടത്.
എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇങ്ങനെയൊരു മരുന്നിനെക്കുറിച്ച് വിവരമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആയുഷ് മന്ത്രാലയം രംഗത്തെത്തി. മരുന്നിലെ ചേരുവകള്‍, ഗവേഷണം നടത്തിയ ആശുപത്രികള്‍, പരീക്ഷണത്തിനായി ഉപയോഗിച്ച സാമ്പിളുകളുടെ എണ്ണം, ട്രയല്‍ പരിശോധനാ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. മരുന്നിന് ഇന്‍സ്റ്റിറ്റ്യൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയുടെ അംഗീകാരമുണ്ടോ, ക്ലിനിക്കല്‍ ട്രയല്‍ റജിസ്ട്രി ഓഫ് ഇന്ത്യയുടെ റജിസ്‌ട്രേഷന്‍ ലഭിച്ചോ എന്നീ വിവരങ്ങളും തേടിയിട്ടുണ്ട്. കൊവിഡ് ഭീഷണിയില്‍ വലയുന്ന ജനത്തെ പരീക്ഷണവസ്തുവാക്കുന്ന നീക്കമാണിതെന്നും ഇത്തരം നീക്കങ്ങള്‍ അനുവദിക്കരുതെന്നും ഡോക്ടർമാരുടെ സംഘവും അഭിപ്രായപ്പെടുന്നു.