പുതിയ പാര്‍ലമെന്‍റിലെ ആദ്യ ബില്ലായി വനിത സംവരണ ബില്ല്; പഴയ ബിൽ നിലവിലുണ്ടെന്ന് പ്രതിപക്ഷം

Jaihind Webdesk
Tuesday, September 19, 2023

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി അവതരിപ്പിച്ച വനിതാ സംവരണ ബില്ലില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണമാണ് അനുവദിക്കുന്നത്. ബില്ലിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണമുണ്ട്. എന്നാല്‍ ഒ.ബി.സി ഉപസംവരണത്തെ കുറിച്ച് പരാമര്‍ശമില്ല. അതേസമയം കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്നു പ്രതിപക്ഷം ചൂണ്ടാക്കാട്ടി. മുൻപു പാസാക്കിയ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു. പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി അസംബ്ലിയിലും മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നത്. ദേശീയസംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കാനാണ് നിയമനിര്‍മ്മാണം. 2047ഓടെ ഇന്ത്യയെ വികസിത രാജ്യിമാക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണായകമാണ്. വനിതകള്‍ പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുമെന്നും അത് നിയമനിര്‍മ്മാണ പ്രക്രിയയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുമെന്നും ബില്ലില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു.

മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയായ ശേഷമേ വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരികയുളളൂ. പതിനഞ്ച് വര്‍ഷത്തേക്ക് സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഭരണഘടനയുടെ 128ാം ഭേദഗതിയായാണ് വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ നിയമമന്ത്രി അര്‍ജുന്‍ രാം മേഖ്വാള്‍ അവതരിപ്പിച്ചത്.രാജ്യസഭയില്‍ ബില്ലിന്മേലുളള ചര്‍ച്ച നാളെയാകും നടക്കുക.