
ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിന് ഇന്ന് തിരിതെളിയും. രാത്രി 7.30ന് ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും 2024-ലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടും. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈയും സ്മൃതി മന്ദാന നയിക്കുന്ന ബെംഗളൂരുവും തമ്മിലുള്ള പോരാട്ടം ടൂര്‍ണമെന്റിന് ഗംഭീര തുടക്കം നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇത്തവണയും അഞ്ച് ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ഫെബ്രുവരി അഞ്ചുവരെ നീണ്ടുനില്‍ക്കുന്ന ലീഗില്‍ ആകെ 22 മത്സരങ്ങളാണുള്ളത്. ആദ്യ സീസണിലും കഴിഞ്ഞ സീസണിലും കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനും, 2024-ലെ ചാമ്പ്യന്മാരായ ബെംഗളൂരുവിനും പുറമെ ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, യുപി വാരിയേഴ്സ് എന്നിവരാണ് മാറ്റുരയ്ക്കുന്നത്. മുന്‍ സീസണുകളില്‍ മൂന്ന് തവണയും റണ്ണറപ്പായ ഡല്‍ഹിയെ ഇത്തവണ ജെമീമ റോഡ്രിഗസ് നയിക്കും. അതേസമയം, യുപി വാരിയേഴ്സിന്റെ നായികയായി ഓസ്ട്രേലിയന്‍ ഇതിഹാസം മെഗ് ലാനിങ്ങും ഗുജറാത്ത് ജയന്റ്സിന്റെ നായികയായി ഓള്‍റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറും മൈതാനത്തിറങ്ങും.
രണ്ട് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെയുള്ള ആദ്യ 11 മത്സരങ്ങള്‍ നവി മുംബൈയില്‍ നടക്കുമ്പോള്‍, ഫെബ്രുവരി അഞ്ചിലെ ഫൈനലും എലിമിനേറ്ററും ഉള്‍പ്പെടെയുള്ള ശേഷിക്കുന്ന 11 മത്സരങ്ങള്‍ക്ക് വഡോദരയിലെ ബി.സി.എ സ്റ്റേഡിയം വേദിയാകും. ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7.30ന് ആരംഭിക്കുമെങ്കിലും, രണ്ട് മത്സരങ്ങള്‍ മാത്രമുള്ള ദിവസങ്ങളില്‍ ആദ്യ കളി വൈകിട്ട് 3.30ന് തുടങ്ങും.
ഇന്ത്യ ഏകദിന ലോകകപ്പ് നേടിയതിന് ശേഷം നടക്കുന്ന ആദ്യ വനിതാ പ്രീമിയര്‍ ലീഗ് ആയതുകൊണ്ട് തന്നെ വന്‍ ആവേശമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ആരാധകര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെയും ജിയോ ഹോട്ട്സ്റ്റാര്‍ ആപ്പ് വഴിയും മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും.