പൊന്നാനി: സ്ത്രീധന നിരോധന നിയമത്തില്‍ ഭേദഗതി വരുത്തും മുമ്പ് മഹിള സംഘടനകളുടെ അഭിപ്രായം കൂടി ആരായണമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി.
നിയമത്തില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്. അത് ഏകപക്ഷീയമാകരുത്. ഗാര്‍ഹിക പീഡനംമൂലം മരണപ്പെടുന്ന കേസുകളില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണം. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കൊടുക്കല്‍ വാങ്ങലുകളും സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. സ്ത്രീധനം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.
മഹിള സാഹസ് കേരളയാത്രയ്ക്ക് തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍, കാലടി, തവനൂര്‍, വട്ടംകുളം, എടപ്പാള്‍, പൊന്നാനി, ഇഴുവതുരുത്തി, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട് എന്നീ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ, മഹിള കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഫാത്തിമ റോസ്‌ന, സി. ഹരിദാസ് എക്‌സ് എം.പി, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍, കെപിസിസി അംഗം പി. ഇഫ്ത്തഖറുദ്ദീന്‍ എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.ഷഹര്‍ബാന്‍, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്‍, സന്ധ്യാ കരണ്ടോട്, ആമിന മോള്‍, വനജ ടീച്ചര്‍, വി.പി. ഫാത്തിമ എന്നിവര്‍ സംസാരിച്ചു. ജൂലൈ എട്ടിന് ജില്ലയില്‍ ആരംഭിച്ച യാത്ര 110 മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി ഞായറാഴ്ച പൊന്നാനി പന്താവൂരില്‍ സമാപിച്ചു.