മതിലിൽ മലക്കം മറിഞ്ഞ് മുഖ്യൻ: സർക്കാർ പണം ചെലവഴിക്കില്ലെന്ന് വീണ്ടും പിണറായി; ആശയക്കുഴപ്പമുണ്ടാക്കി സർക്കാർ

വനിതാ മതിലിനായി ഖജനാവിൽ നിന്ന് ഒരു പണവും ചെലവഴിക്കില്ലെന്ന് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ ശാക്തീകരണത്തിനായുള്ള 50 കോടിരൂപ വനിതാ മതിലിനായി ചെലവഴിക്കുമെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോയിയേഷൻ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച നവോത്ഥാന സദസിന്‍റെ ഉദ്ഘാടനത്തിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കഴിഞ്ഞ ദിവസം വനിതാ മതിൽ സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ സ്ത്രീശാക്തീകരണ ഫണ്ടിൽ നിന്നും ചെലവഴിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത് അസത്യമാണെന്നും ഇത്തരത്തിലല്ല സത്യവാങ്മൂലത്തിലെ പരാമർശമെന്നും ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സത്യവാങ്മൂലത്തിൽ തുക സൂചിപ്പിച്ചത് എന്തിനെന്ന് വ്യക്തമാക്കാൻ സർക്കാരിനായിട്ടില്ല.

മതിലിനെ വിമർശിച്ച് രംഗത്തെത്തിയ സാമുദായിക സംഘടനകളെയും യു.ഡി.എഫിനെയും മുഖ്യമന്ത്രി പരോക്ഷമായി വിമർശിക്കുകയും ചെയ്തു. മുമ്പ് നിയമസഭയിലടക്കം സർക്കാർ മതിലിനായി പണം ചെലവഴിക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ദിവസം സർക്കാർ തന്നെ നല്‍കിയ സത്യവാങ്മൂലത്തിൽ 50 കോടി സ്ത്രീശാക്തീകരണത്തിനായി നീക്കിവെച്ചിട്ടുണ്ടെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇതിനെപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രി വീണ്ടും വിശദീകരണവുമായി രംഗത്ത് വന്നത്. മതിൽ സംഘാടനത്തിന്‍റെ ചെലവ് എത്രയെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മതിലിന്‍റെ സംഘാടന ചെലവ് സംബന്ധിച്ച് സർക്കാർ ഖജനാവിൽ നിന്നും ചെലവഴിക്കുമെന്ന് സത്യവാങ്മൂലത്തിലെ സർക്കാർ വെളിപ്പെടുത്തലാണ് സർക്കാരിനും സി.പി.എമ്മിനും വിനയായത്. ഇത്തരത്തിലുള്ള നടപടി സർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്ന നില വന്നതോടെ മന:പൂർവം ആശയക്കുഴപ്പം സൃഷ്ടിച്ച് തന്ത്രപൂർവ്വം തടിയൂരാനുള്ള അടവുനയമാണ് പിണറായിയും ഐസക്കും പുറത്തെടുത്തിട്ടുള്ളത്. പ്രളയാനന്തര കേരളത്തിന്‍റെ പുനർ നിർമാണത്തിലടക്കം വന്ന പാളിച്ച സർക്കാരിനെ പ്രതിരോധത്തിലാക്കുമ്പോഴാണ് വിവാദ വനിതാ മതിലിന് കോടികള്‍ ചെലവിടാൻ സർക്കാരിന്‍റെ നീക്കം. ഇതിനെതിരായി പൊതുവികാരം ഉയർന്നതോടെ എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് പിണറായി സര്‍ക്കാര്‍.

pinarayi vijayanwomen wall
Comments (0)
Add Comment