വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു; അയല്‍വാസിയായ പ്രതി ഒളിവില്‍

 

തൃശൂർ : കൊടുങ്ങല്ലൂരിൽ നടുറോഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു. ഇന്നലെ രാത്രി വെട്ടേറ്റ എറിയാട് സ്വദേശിനി റിൻസിയാണ് (30) മരിച്ചത്. അയൽവാസിയായ റിയാസാണ് യുവതിയെ ആക്രമിച്ചത്. ഇയാള്‍ ഒളിവിലാണ്.

സ്വന്തം വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് സ്കൂട്ടറിൽ മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റിൻസിക്ക് നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി ഇവരുടെ സ്കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്ത് റിൻസിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണം കണ്ട് ഭയന്ന കുട്ടികളുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ സംഭവം അറിഞ്ഞത്.

മുഖത്തും കൈക്കും വെട്ടേറ്റ റിൻസിയെ ഉടൻ തന്നെ എ.ആർ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അയൽവാസിയായ പുതിയ വീട്ടിൽ റിയാസാണ് റിൻസിയെ ആക്രമിച്ചത്. മുമ്പ് റിൻസിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഇയാൾ ജോലി ചെയ്തിരുന്നു. റിൻസിയുടെ വീടിന് നേരെ അക്രമം നടത്തിയ കേസിൽ മാസങ്ങൾക്ക് മുമ്പ് പോലീസ് റിയാസിനെ താക്കീത് ചെയ്തിരുന്നു. പലപ്പോഴും കടയിൽ എത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.

Comments (0)
Add Comment