AMMA| ‘അമ്മ’യെ നയിക്കാന്‍ വനിതകള്‍; ശ്വേതാ മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി

Jaihind News Bureau
Friday, August 15, 2025

താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വം ഇനി വനിതകള്‍ക്ക്. ശക്തമായ മത്സരത്തിനൊടുവില്‍ നടി ശ്വേതാ മേനോന്‍ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നടി കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനത്തേക്ക് നടന്‍ ഉണ്ണി ശിവപാല്‍ വിജയിച്ചു. വനിതകള്‍ക്ക് മുന്‍തൂക്കമുള്ള ഒരു ഭരണസമിതിയാണ് ഇത്തവണ അധികാരത്തിലെത്തിയത് എന്നത് ശ്രദ്ധേയമാണ്.

പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും നടന്‍ ദേവനും തമ്മിലായിരുന്നു പ്രധാന മത്സരം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍ നടന്‍ രവീന്ദ്രനെ പരാജയപ്പെടുത്തി. ട്രഷറര്‍ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ഉണ്ണി ശിവപാല്‍ അനൂപ് ചന്ദ്രനെയാണ് തോല്‍പ്പിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജയന്‍ ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരില്‍ ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയും വിജയിച്ചു. അതേസമയം, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസ്സന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് ആദ്യം 13 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും, അന്‍സിബ ഒഴികെ മറ്റുള്ളവര്‍ പിന്‍വലിക്കുകയായിരുന്നു.

ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തില്‍ വലിയ കുറവുണ്ടായി. ആകെ 504 അംഗങ്ങളുള്ള സംഘടനയില്‍ 298 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്, ഇത് 58 ശതമാനം പോളിംഗ് മാത്രമാണ്. കഴിഞ്ഞ തവണ ഇത് 70 ശതമാനം ആയിരുന്നു. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചത്. ഇതില്‍ നാല് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തവയായിരുന്നു. കൈലാഷ്, സിജോയ് വര്‍ഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂര്‍, വിനു മോഹന്‍, നന്ദു പൊതുവാള്‍, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹന്‍, ആശ അരവിന്ദ്, അഞ്ജലി നായര്‍ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.