KERALA GOVERNMENT| ‘ശബരിമലയില്‍ സ്ത്രീപ്രവേശനം വേണ്ട’; തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിപിഎമ്മിന്റെ പഴയ നിലപാട് ഉപേക്ഷിച്ചു; ഇപ്പോള്‍ വിശ്വാസികള്‍ക്കൊപ്പം

Jaihind News Bureau
Tuesday, September 2, 2025

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ മേഖലകളും വെളുപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത് സര്‍ക്കാര്‍. ഏറ്റവുമൊടുവില്‍ ശബരിമല വിശ്വാസികളെയാണ് പിണറായി സര്‍ക്കാര്‍ ഉന്നമിട്ടിരിക്കുന്നത്. ശബരിമല എന്നും വിശ്വാസികള്‍ക്കൊപ്പമെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്. 2018 ല്‍ ഇതേ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഏറെ ചര്‍ച്ചയായതാണ്. അന്ന് നവോത്ഥാനത്തിന്റെ പാതയിലായിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുക്കും തോറും തരാതരം പോലെയാണ് നിലപാടുകള്‍ തിരുത്തുന്നത്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു 2018 ലെ സുപ്രീം കോടതി വിധി സമയത്തെ സിപിഎമ്മിന്റെ നിലപാട്. അന്നത്തെ പ്ാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ച് ഈ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചൂടുകയറിയതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ കൈയിലെടുക്കാന്‍ തിരുത്തിയ നിലപാടുമായി സര്‍ക്കാര്‍ രംഗത്ത്് എത്തിയിരിക്കുന്നത്.

ഈ മാസം 20 ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ചൂടിലാണ് വീണ്ടും ശബരിമലയിലെ സ്ത്രീ പ്രവേശനം ചര്‍ച്ചയാകുന്നത്. ഓരോ വകുപ്പുകളും വെളുപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണിത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വിശ്വാസികളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇത്രയും ആകുലതയുണ്ടായതെന്ന് വ്യക്തമാകുകയാണ്.