റാങ്ക് പട്ടിക നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം : മുടിമുറിച്ച് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

Jaihind Webdesk
Monday, August 2, 2021

തിരുവനന്തപുരം : പി. എസ്.സി റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ വനിതാ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. സിപിഒ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചു. റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന് സഭയില്‍ മുഖ്യമന്ത്രി അറിയിച്ചതിനുപിന്നാലെയാണ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. 15 ദിവസത്തിലേറെയായി സമരം തുടർന്നിട്ടും അനുകൂല സമീപനമല്ല സർക്കാരില്‍ നിന്നും ഉണ്ടായതെന്നും ഉദ്യോഗാർത്ഥികള്‍ പറഞ്ഞു.

അതേസമയം പി.എസ്.സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.

പി.എസ്.സിയെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്ന് ഷാഫി പറമ്പില്‍ എംഎൽഎ ആരോപിച്ചു. കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് പി.എസ്.സിയെ താഴ്ത്തരുത്. പി.എസ്.സി നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

സർക്കാരിൻ്റെ പിടിവാശി ആരെ സഹായിക്കാനെന്നും അദ്ദേഹം ചോദിച്ചു. പരമാവധി നിയമനം നൽകി എന്ന് പറയുന്നത് യാഥാർത്ഥ്യമല്ല. കേരളത്തിൽ അപ്രഖ്യാപിത നിയമനനിരോധനത്തിന് സർക്കാർ കോപ്പ് കൂട്ടുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.