ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. തങ്ങളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായിട്ടും മതിയായ നിയമനം നടത്താത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ നിരാഹാര സമരം ആരംഭിച്ചത്. ആയിരത്തിലേറെ പേരുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് കേവലം 260 പേരെ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ നിയമിച്ചിട്ടുള്ളത്. പോലീസ് സേനയില്‍ മതിയായ ഒഴിവുണ്ടായിട്ടും സര്‍ക്കാര്‍ നിയമനം നടത്താതെ രാപ്പകല്‍ കഷ്ടപ്പെട്ട് പഠിച്ച തങ്ങളെ അവഗണിക്കുകയാണെന്നാരോപിച്ചാണ് എഴുന്നൂറിലേറെ ഉദ്യോഗാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും കറുത്ത വസ്ത്രം അണിഞ്ഞും വായ മൂടിക്കെട്ടിയും ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധിക്കുന്നത്.