ശല്യം ചെയ്ത മുൻകാമുകനെ വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി

Jaihind News Bureau
Tuesday, March 17, 2020

ശല്യം ചെയ്ത മുൻകാമുകനെ കണ്ണിൽ മുളകു പൊടിയെറിഞ്ഞ് വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി ശാന്തൻപാറ സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് ബോഡിനായ്ക്കന്നൂരിലാണ് സംഭവം.

പത്തൊൻപതിലേറെ തവണയാണ് യുവതി കാമുകനെ വെട്ടിയത്. സംഭവത്തിൽ ബി. എൽ. റാമിലെ താമസക്കാരിയും തമിഴ്നാട് സ്വദേശിനിയുമായ വളർമതി യെ ബോഡിനായ്ക്കന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബി. എൽ. റാവിലെ ഏലത്തോട്ടത്തിന്‍റെ ഉടമയായ വളർമതി തോട്ടത്തിൽ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. ഈ സമയം പ്രദേശത്തെ ജീപ്പ് ഡ്രൈവറായിരുന്ന രാജന്റെ ജീപ്പിലായിരുന്നു തോട്ടത്തിലേക്കുള്ള യാത്ര. ഒരുമിച്ചുള്ള ജീപ്പ് യാത്ര ഇരുവരേയും അടുപ്പത്തിലാക്കി.

ഭർത്താവുമായി വിവാഹ ബന്ധം വേർപെടുത്തി രണ്ടു പെൺമക്കളുമായി കഴിയുന്ന വളർമതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിരുന്നു അടുത്തിടെ രാജനുമായി യുവതി തെറ്റിപ്പിരിഞ്ഞു. രണ്ട് പെൺ മക്കൾ ഉള്ള ഇവരെ ഭാര്യയാക്കാനാകില്ലെന്ന് രാജൻ അറിയിച്ചതാണ് ഇവർ തമ്മിൽ തെറ്റിപ്പിരിയാൻ കാരണം. വളർമതിയുമായി അടുപ്പത്തിലായിരിക്കെ രാജൻ നിരവധി തവണ ഇവരിൽ നിന്നും പണം വാങ്ങി ചെലവഴിച്ചിട്ടുണ്ട്. പിണങ്ങിപ്പിരിഞ്ഞതോടെ രാജൻ നിരന്തരം ഇവരെ മൊബൈലിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു.

മധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും പ്രയോജനമുണ്ടാകാതിരുന്നതിനെ തുടർന്ന് വീട്ടമ്മ ബോഡിനായ്ക്കന്നൂരിലെ വീട്ടിലേക്ക് പോയി. അവിടെ എത്തിയും രാജൻ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് ബി. എൽ റാവിലേയ്ക്ക് മടങ്ങിപ്പോന്നു. ഇതറിഞ്ഞ രാജൻ മൂന്ന് ദിവസം മുൻപ് ബി.എൽ റാവിലെ വീട്ടിൽ വീണ്ടും എത്തുകയും വാക്കത്തികൊണ്ട് ജനൽചില്ലുകൾ തകർക്കുന്നത് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതോടെ വളർമതി വീണ്ടും തമിഴ്നാട്ടിലേയ്ക്ക് പോയി. ഇതിനു ശേഷമാണ് ഞായറാഴ്ച രാജനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. ഇവരെ പിന്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെ രാജൻ ബോഡിയിലെത്തുകയായിരുന്നെന്നും പറയുന്നു.

വീട്ടിലെത്തിയ രാജന്‍റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കൈയിൽ കരുതിയിരുന്ന വാക്കത്തികൊണ്ട് നിരവധി തവണ ശരീരത്തിൽ വെട്ടുകയായിരുന്നു. മുഖത്തും തലയിലും ഉടലിലും പത്തൊൻപതോളം വെട്ടുകളേറ്റ രാജൻ നിലത്തുവീണു. തുടർന്ന് വളർമതി തന്നെ ബോഡിനായ്ക്കന്നൂർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി രാജനെ ബോഡിനായ്ക്കന്നൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് വളർമതിയെ കസ്റ്റഡിയിലെടുത്തു.

https://youtu.be/tOdykOrzrT8