ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു

Jaihind Webdesk
Monday, January 8, 2024

 

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു.
പന്നിയാർ എസ്റ്റേറ്റ് തൊഴിലാളി പരിമളം ആണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് ജനവാസമേഖലയിൽ ഇറങ്ങിയത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ഇന്ന് രാവിലെ പന്നിയാറിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാവിലെ ജോലിക്കായി പരിമളം തോട്ടത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. പരിമളത്തിനൊപ്പം മറ്റു തൊഴിലാളികളും ഉണ്ടായിരുന്നു. ഇതിനിടെ സമീപത്തു നിന്നിരുന്ന ആന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മറ്റു തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും പരിമളത്തിന് ഓടിമാറാൻ കഴിഞ്ഞില്ല.

ഗുരുതരമായി പരുക്കേറ്റ ഇവരെ രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. മനുഷ്യജീവന് വെല്ലുവിളിയാകുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.