ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശനത്തില്‍ പല നിലപാടുമായി ബി.ജെ.പി നേതാക്കള്‍. കേരള നേതാക്കളില്‍ ഒരു വിഭാഗം യുവതീ പ്രവേശനത്തെ എതിര്‍ത്ത് അതിന്റെ പേരില്‍ കേരളമൊട്ടാകെ കലാപം അഴിച്ചുവിടുമ്പോഴും വ്യത്യസ്ത നിലപാടുമായി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും എം.പിയുമായ വി. മുരളീധരന്. വിശ്വാസികളായ യുവതികള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താമെന്നാണ് ദേശീയ ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ മുരളീധരന് പറഞ്ഞത്.
ഒരു വിശ്വാസി എന്ന നിലയില്‍ ശബരിമലയില്‍ ഒരു സ്ത്രീ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ യാതൊരുവിധ പ്രശ്നവുമില്ല. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സ്റ്റേറ്റിന്റെയും പോലീസിന്റെയും ഉത്തരവാദിത്തമാണ്. അങ്ങനെയെങ്കില്‍ സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ് -വി മുരളീധരന് ചര്‍ച്ചയില്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ നടന്ന പ്രവേശനം അത്തരത്തില്‍ അല്ലെന്നും, അത് രാഷ്ട്രീയമായ ഗൂഢാലോചനയാണെന്നും ഇദ്ദേഹം പറയുന്നു. കേരളത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കും എന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ സമരം കേരള ബിജെപി നയിക്കുമ്പോഴാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദേശീയ ചാനലില്‍ ഈ പ്രസ്താവന നടത്തിയത് എന്നത് ശ്രദ്ധേയമാണ്.