
കോട്ടയം: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസില്‍ യാത്രക്കാരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം പി. വര്‍ധിച്ചുവരുന്ന മദ്യക്കച്ചവടത്തിന്റെയും ലഹരിയുടെയും ഇരയാണ് ട്രെയിന്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെന്ന് അവര്‍ ആരോപിച്ചു.
‘സംസ്ഥാന സര്‍ക്കാരിന്റെ പെരുകുന്ന മദ്യക്കച്ചവടത്തിന്റെ ഇരയാണ് ട്രെയിനില്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടി. മദ്യത്തിന്റെയും ലഹരിയുടെയും രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാക്കി കേരളത്തെ പിണറായി സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്,’ കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജെബി മേത്തര്‍ കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി തിരുവനന്തപുരം റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നായ കേരള എക്സ്പ്രസില്‍ രണ്ട് സ്ത്രീകളാണ് മദ്യപന്റെ ആക്രമണത്തിന് ഇരയായത്. കേരളത്തിലെ സ്ത്രീകള്‍ക്ക് മനസ്സമാധാനത്തോടെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ആക്രമണത്തിനിരയായ ശ്രീക്കുട്ടിക്ക് സൗജന്യ ചികിത്സയും ആവശ്യമായ മറ്റ് സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഉറപ്പാക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.