
സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലമാകുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തുവരുന്നതിന്റെ ഉദാഹരണമാണ് വടകര ഡിവൈഎസ്പി എ.ഉമേഷിനെതിരെ നടപടിയെടുക്കാതെയുള്ള ഒളിച്ചുകളി. സ്ത്രീയെ ലൈംഗീകചൂഷണം ചെയ്തതിന്റെ പേരില്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് സസ്പെന്‍ഷനിലായ വടകര ഡിവൈഎസ്പി എ.ഉമേഷിനെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് ഇതുവരെയും തയ്യാറായിട്ടില്ല. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയതും ലൈംഗികചൂഷണവുമായി ബന്ധപ്പെട്ടും സസ്പെന്ഷന് ഉത്തരവില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലും പൊലീസ് വിസമ്മതിക്കുന്നത് ശക്തമായ വിമര്‍ശനമുയരുകയാണ്.
സി.ഐ ബിനു തോമസ് ആത്മഹത്യയ്ക്ക് മുന്‍പ് എഴുതിയ 32 പേജുള്ള കുറിപ്പിലും പീഡനത്തിനിരയായ സ്ത്രീ നല്കിയ മോഴിയിലും ഉമേഷിനെതിരായ ബലാല്സംഗാരോപണങ്ങള് വ്യക്തമായിരുന്നിട്ടും നടപടിക്ക് താമസമുണ്ടാക്കുന്നത് ഉന്നതതല ഇടപെടലിന്െ ഫലമാണെന്ന് ആരോപിക്കുന്നു. സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ഉമേഷ് കേരള പോലിസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റാണ്.
ആത്മഹത്യാകുറിപ്പ് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ആരോപണങ്ങളെല്ലാം ശരിയെന്ന് വ്യക്തമായത്. രാഷ്ട്രീയ എതിരാളികളെ നിയമനടപടികളിലൂടെ ഒതുക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം, തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് രക്ഷാകവചം ഒരുക്കുന്നു എന്നതിന്റെ വ്യക്തമായ സാക്ഷ്യം കൂടിയാണിത്.