തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി ലഭിച്ചു. ഓട്ടോ മറിഞ്ഞ് കാലിന് പരിക്കേറ്റ യുവതി ഡോക്ടറെ കാത്തിരുന്നത് അരമണിക്കൂർ നേരമാണ്. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ഫെബ്രുവരി 28 നാണ് സംഭവം നടന്നത്. തിരൂരങ്ങാടിക്ക് സമീപത്തെ ക്ഷേത്രത്തില്‍ നൃത്തപരിപാടിക്കെത്തിയവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയാണ് മറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോറിക്ഷ കാലിന് മുകളിലേക്ക് വീണ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ പരിശോധിക്കാന്‍ എത്തിയില്ല. കൂടെയുണ്ടായിരുന്നവര്‍ നിരവധി തവണ ഡോക്ടറോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നാണ് പരാതി. ഫോണില്‍ സംസാരിക്കുകയായിരുന്നെന്നും തന്നെ വന്നു നോക്കാന്‍പോലും മുതിര്‍ന്നില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ തേടിയത്. അതേസമയം,തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപമുയരുന്നുണ്ട്.