
വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു. വീഴ്ചയില്‍ പരിക്കേറ്റ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അയന്തി മേല്‍പ്പാലത്തിനു സമീപമാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പനച്ചമൂട് സ്വദേശി സുരേഷ് കുമാര്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു.
യാതൊരു പ്രകോപനവും കൂടാതെയാണ് യുവതിക്കു നേരെ പ്രതി അക്രമം നടത്തിയത്. പരിക്കേറ്റ യുവതിയെ ഉടന്‍ വര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ട്രാക്കില്‍ കിടന്ന യുവതിയെ, എതിരെ വന്ന മെമു ട്രെയിന്‍ നിര്‍ത്തി അതില്‍ കയറ്റിയാണ് വര്‍ക്കല സ്റ്റേഷനിലെത്തിച്ചത്. യുവതിയെ ആരോ തള്ളിയിട്ടതാണെന്ന സംശയത്തെ തുടര്‍ന്ന് റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചുവേളിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.