ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; വിഷയം ഒതുക്കി തീര്‍ക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുന്നു: ഗുരുതര ആരോപണങ്ങളുമായി യുവതി

Jaihind News Bureau
Friday, August 29, 2025

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ യുവതി ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ഡോ. രാജീവ് കുമാറിനെ സംരക്ഷിക്കാനും വിഷയം ഒതുക്കിത്തീര്‍ക്കാനും ആരോഗ്യവകുപ്പ് ശ്രമിക്കുന്നതായി യുവതി ആരോപിച്ചു. കടുത്ത ശ്വാസതടസ്സത്തെത്തുടര്‍ന്ന് ജോലി പോലും ഉപേക്ഷിക്കേണ്ടിവന്ന സുമയ്യ എന്ന യുവതിയുടെ വെളിപ്പെടുത്തല്‍ ആരോഗ്യമേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായാണ് സുമയ്യയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മറ്റ് ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് നെഞ്ചിനകത്ത് ഒരു ഗൈഡ് വയര്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

ഇതോടെ സുമയ്യ ഡോക്ടര്‍ രാജീവ് കുമാറിനെ സമീപിച്ചു. ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചെന്ന് അദ്ദേഹം സമ്മതിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ചികിത്സാപ്പിഴവ് നേരത്തെ അറിയാമായിരുന്നിട്ടും ആരോഗ്യവകുപ്പ് ഇത് മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും, ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് അവരുടെ നിലപാടെന്നും സുമയ്യ ആരോപിച്ചു.

ആശുപത്രി ജീവനക്കാരുടെ അനാസ്ഥ തന്റെ ജീവിതത്തെ ദോഷകരമായി ബാധിച്ചുവെന്ന് സുമയ്യ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു. സുമയ്യയുടെ സഹോദരന്‍ ഷിനാസ് കണ്ടോണ്‍മെന്റ് പോലീസില്‍ ഡോ. രാജീവ് കുമാറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് സുമയ്യയുടെ മൊഴി രേഖപ്പെടുത്തി.