വനിതാ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം: പ്രതിയെ കണ്ടെത്താനാകാതെ പോലീസ്; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Jaihind News Bureau
Wednesday, May 14, 2025

തിരുവനന്തപുരം വഞ്ചിയൂരില്‍ വനിതാ അഭിഭാഷകയെ മര്‍ദ്ദിച്ച മുതിര്‍ന്ന അഭിഭാഷകനെ കണ്ടെത്താനാകാതെ പോലീസ്. അഭിഭാഷകനായ ബെയ്ലിന്‍ ദാസിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. അഭിഭാഷകനെ തേടി പോലീസ് പൂന്തുറയില്‍ എത്തിയെങ്കിലും ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി കടന്നു കളയുകയായിരുന്നു. സീനിയര്‍ അഭിഭാഷകന്‍ രണ്ട് തവണ ശ്യാമിലിയെ മര്‍ദ്ദിച്ചെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.ഇടതുകവിളിലെ ആദ്യ അടിയില്‍ ശ്യാമിലി താഴെ വീണുവെന്നുംഎഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അതേ കവിളില്‍ അടിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.തടഞ്ഞുവെക്കല്‍, സത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജോലിയില്‍ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സിനീയര്‍ അഭിഭാഷകന്‍ ജുനീയര്‍ അഭിഭാഷകയായ അഡ്വ. ശ്യാമിലിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ജോലിയില്‍ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തതിനാണ് സിനീയര്‍ അഭിഭാഷകന്‍ മര്‍ദിച്ചെന്ന് ജുനീയര്‍ അഭിഭാഷക അഡ്വ. ശ്യാമിലി ജസ്റ്റിന്‍ പരാതി നല്‍കിയത്. ബെയ്ലിന്‍ ദാസ് എന്ന സീനിയര്‍ അഭിഭാഷകനെതിരെയാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ മുഖത്ത് ക്രൂരമര്‍ദനമേറ്റതിന്റെ പാടുകള്‍ തെളിഞ്ഞു കാണാം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയില്‍ നിന്ന് വനിത അഭിഭാഷകയെ പറഞ്ഞുവിട്ടത്. എന്നാല്‍, വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തിരിച്ചെത്തിയത്.