വീട്ടില്‍ കയറി കടന്നു പിടിച്ചു; ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിനെതിരെ യുവതിയുടെ ലൈംഗിക പീഡന പരാതി; വയനാട് പൊലീസ് കേസെടുത്തു

Jaihind News Bureau
Thursday, September 25, 2025

 

കല്‍പ്പറ്റ: വയനാട്ടില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനെതിരെ ലൈംഗിക പീഡന പരാതി. പിണങ്ങോട് സ്വദേശിയായ യുവതിയുടെ പരാതിയില്‍, ഡി.വൈ.എഫ്.ഐ നേതാവ് പി. ജംഷീദിനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. ജംഷീദ് വീട്ടിലെത്തി കടന്നു പിടിച്ചെന്നാണ് സ്ത്രീയുടെ പരാതി. ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ സഹകരിക്കാന്‍ പറഞ്ഞതായും പരാതിക്കാരി പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്.

ഭര്‍ത്താവിന്റെ സുഹൃത്തായ ജംഷീദ് വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും അറിവോടെയാണ് ഈ അതിക്രമങ്ങള്‍ നടന്നതെന്നും, കടങ്ങള്‍ തീര്‍ക്കാനായി ജംഷീദിന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നും യുവതി ആരോപിച്ചു.

യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ‘ജംഷീദ് വീട്ടില്‍ വരിക പതിവായിരുന്നു. ഉച്ചസമയങ്ങളില്‍ വീട്ടില്‍ ആരും ഇല്ലാത്തപ്പോഴാണ് കൂടുതലും വന്നിരുന്നത്. മദ്യപിച്ചെത്തുന്ന ഇയാള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുമ്പോള്‍ ശരീരത്തില്‍ സ്പര്‍ശിക്കുമായിരുന്നു. ഇത് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍, അത് തന്റെ തോന്നലാണെന്നും, ഇനി അഥവാ അത് സത്യമാണെങ്കില്‍ അയാള്‍ക്ക് വഴങ്ങിക്കൊടുക്കാനും ഭര്‍ത്താവ് ആവശ്യപ്പെട്ടു,’ യുവതി പറയുന്നു.

കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ തന്നെ ജംഷീദ് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും, ഉടന്‍ തന്നെ താന്‍ മുറിയില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു എന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് ഇതൊന്നും മൈന്‍ഡ് ചെയ്തില്ലെന്നും യുവതി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ സ്ത്രീധനം കൊണ്ടുവരികയോ, അല്ലെങ്കില്‍ മറ്റ് ചിലരുടെ കൂടെ കിടക്ക പങ്കിടുകയോ ചെയ്താല്‍ കടങ്ങള്‍ തീര്‍ക്കാന്‍ പണം ലഭിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞതായും യുവതി വെളിപ്പെടുത്തി. ജംഷീദിന് രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ട് എന്താവശ്യമുണ്ടെങ്കിലും വേഗത്തില്‍ നടക്കുമെന്നാണ് ഭര്‍ത്താവ് പറയുന്നതെന്നും യുവതി ആരോപിച്ചു.

യുവതിയുടെ വെളിപ്പെടുത്തല്‍

ഒരു കൂട്ടുകാരന്‍ എപ്പോഴും വീട്ടില്‍ വരും. ഡി.വൈ.എഫ്.ഐ നേതാവാണ്. ജംഷീദ് എന്നാണ് പേര്. ഉച്ച സമയങ്ങളില്‍ വീട്ടില്‍ ആരും ഇല്ലാത്തപ്പോഴാണ് വരുക. കള്ള് കുടിച്ചിട്ടാണ് വരുക. ഭക്ഷണം വേണം എന്ന് പറയും. വിളമ്പി കൊടുക്കുന്ന സമയത്ത് അവിടെയും ഇവിടെയും ഒക്കെ തോണ്ടുകയും പിടിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഇക്കാനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇക്കാനോട് പറഞ്ഞപ്പോള്‍ ഇക്ക പറഞ്ഞു സാരമില്ല വിട്ടുകള, നിന്റെ തോന്നലായിരിക്കുമെന്ന്. ഇനി അതല്ല അങ്ങനെ ഉറപ്പാണെങ്കില് അവനങ്ങ് നിന്ന് കൊടുക്കാം. അവന് അവന്റെ ഇഷ്ടം തീര്‍ന്നിട്ട് പോട്ടെ എന്ന് പറയാന്‍ തുടങ്ങി.

ഈ കഴിഞ്ഞ 17-ാം തീയതി അവരുടെ ഒരു ഫ്രണ്ടിന്റെ വൈഫ് മരിച്ചിട്ടുണ്ടായിരുന്നു. അവിടുത്തെ ചടങ്ങും കാര്യങ്ങളും കഴിഞ്ഞ് പിറ്റേ ദിവസം അവിടെ പോകുന്നതിന് മുന്‍പ് അവര് വീട്ടിലേക്ക് വന്നിരുന്നു. അപ്പോള്‍ അവര്‍ക്ക് ഭക്ഷണം ഒക്കെ ഞാന്‍ ടേബിളില്‍ കൊണ്ടുവെച്ച് കൊടുത്തു. വെള്ളം എടുക്കാന്‍ വേണ്ടി അടുക്കളയില്‍ പോയപ്പോള്‍ ഈ ജംഷീദ് വാവ എന്ന് പറഞ്ഞ ചങ്ങായി എന്റെ ബാക്കില്‍ വരുകയും ലൈംഗികമായി പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അത് പിടിച്ചു തള്ളി മാറ്റി ഞാന്‍ ഓടി റൂമില്‍ കയറി വാതില്‍ അടച്ചു കാരണം കുറെ വിളിച്ചു ഇക്ക ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. മൂപ്പര് മൈന്‍ഡ് ആക്കിയില്ല. അപ്പോള്‍ ഞാന്‍ റൂമില്‍ കയറി വാതില്‍ അടച്ചു കുറ്റിയിട്ട് അവര്‍ പോയതിനു ശേഷമാണ് പിന്നെ ഞാന്‍ വാതില്‍ തുറന്ന് മക്കളെ കൂട്ടാന്‍ വേണ്ടിയിട്ട് പോയത്.

ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ചാല്‍ അവര്‍ക്ക് ഒന്നെങ്കില്‍ ഞാന്‍ സ്ത്രീധനമായി 101പവനും കാറും വീട്ടില്‍ പോയി വാങ്ങി കൊണ്ട് കൊടുക്കണം. അതല്ലെങ്കില്‍ ഭര്‍ത്താവ് ഓരോരുത്തരെ കൊണ്ടുവരും അവരുടെ കൂടെ നിന്ന് കൊടുക്കണം. അപ്പോള്‍ അവര്‍ പൈസ തരും. ആ പൈസ കൊണ്ട് നമുക്ക് കടങ്ങളും വീട്ടുചെലവും നടത്താം എന്നാണ് അവര് പറയുന്നത്. ജംഷീദ് നേതാവായത് കാരണം എന്തെങ്കിലും ഒരു ആവശ്യം ഉണ്ടെങ്കില്‍ അവന് ഒന്ന് മുന്നിട്ട് ഇറങ്ങി കഴിഞ്ഞാല്‍ അത് വേഗം നടക്കും എന്നാണ് ഭര്‍ത്താവ് പറയുന്നത്.