ആന്തൂർ നഗരസഭ അധ്യക്ഷയിൽ നിന്ന് അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ തുറന്ന് പറഞ്ഞ് വനിതാ സംരംഭക

Jaihind Webdesk
Friday, June 21, 2019

PK_Shyamala-Sohitha

ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയിൽ നിന്ന് അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ് സോഹിത വിജു എന്ന സംരംഭക. സോഹിത ആരംഭിച്ച ശുചികരണ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം പൂട്ടിച്ചത് നഗരസഭ ചെയർപേഴ്സൻ പി.കെ.ശ്യാമളയെന്ന് സോഹിത. ബോംബെയിലോ ,ഗുജറാത്തി ലോ പോയി വ്യവസായം തുടങ്ങാനും ശ്യാമള പറഞ്ഞതായി സോഹിത വിജു.

ആന്തുർ നഗരസഭ ഓഡിറ്റോറിയത്തിനും, കൺവെൻഷൻ സെന്‍ററിനും അന്തിമാനുമതി നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാജന്റെ വീട്ടിൽ ആശ്വാസവാക്കുമായി എത്തിയപ്പോഴാണ് സോഹിത താൻ അനുഭവിച്ച പ്രശ്‌നങ്ങൾ മാധ്യമപ്രവർത്തകരോട് തുറന്ന് പറഞ്ഞത്. താൻ വിവിധ ബാങ്കുകളിൽ നിന്ന് ലോണെടുത്ത് ആരംഭിച്ച ശുചീകരണ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ കാരണമായത് നഗരസഭ അധ്യക്ഷയായ പികെ ശ്യാമളയാണെന്ന് സോഹിത പറഞ്ഞു. മലിനജലം ഒഴുക്കുന്നുവെന്ന ഇല്ലാത്ത പരാതി പറഞ്ഞാണ് നഗരസഭാ അധ്യക്ഷയായ പി.കെ ശ്യാമള തന്‍റെ സ്ഥാപനത്തിന് എതിരെ തിരിഞ്ഞത്

സ്ഥാപനത്തിന് അടുത്തുള്ള ആർക്കും പരാതി ഉണ്ടായിരുന്നില്ല പികെ ശ്യാമളയ്ക്കും അവർക്കൊപ്പം ഉണ്ടായിരുന്ന അഞ്ചംഗ സംഘത്തിനും മാത്രമാണ് പരാതി ഉണ്ടായിരുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കളോട് പരാതി പറഞ്ഞെങ്കിലും പി കെ ശ്യാമളയുടെ കടുപിടുത്തം കാരണം വ്യവസായം പുട്ടേണ്ടി വന്നു.

ബോംബെയിലൊ, ഗുജറാത്തിലൊ പോയി വ്യവസായം തുടങ്ങാനാണ് പി കെ ശ്യാമള പറഞ്ഞത്.അതിന് ചുട്ട മറുപടിയും സോഹിത നൽകി..

പി.കെ ശ്യാമളയുടെ ഇടപെടൽ കാരണം വൻ സാമ്പത്തിക നഷ്ടമാണ് സോഹിതയ്ക്കും കുടുംബത്തിനും ഉണ്ടായത്.വനിതകൾ സംരംഭങ്ങളുമായി മുന്നിലേയ്ക്ക് വരണമെന്ന് ആഹ്വാനം ചെയ്യുന്ന പാർട്ടിയുടെ നഗരസഭാ അധ്യക്ഷ തന്നെ വനിതാ സംരംഭകയെ നിരന്തരമായി ഉപദ്രവിച്ചതിന്റെ നേർസാക്ഷ്യമാണ് സോഹിതയുടെ തുറന്നു പറച്ചിൽ.നാട്ടിൽ ഒരു വികസനം വരുമ്പോൾ പത്താളുകൾക്ക് ജോലി നൽകാമെന്ന് ആരെങ്കിലും കരുതുമ്പോൾ അതിന് പാരവെക്കാമെന്ന് കരുതിയാൽ അതിവിടെ നടക്കില്ല. ഇത് കേരളമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ഒരു വനിതയ്ക്ക് ഇത്തരം അനുഭവം നേരിടേണ്ടി വന്നത്.