മദ്യം നല്‍കി, ബലമായി ബീഡി വലിപ്പിച്ചു; കോട്ടയത്ത് ആഭിചാരക്രിയയുടെ മറവില്‍ യുവതിക്ക് ക്രൂരപീഡനം; ഭര്‍ത്താവടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Jaihind News Bureau
Saturday, November 8, 2025

 

കോട്ടയം തിരുവഞ്ചൂരില്‍ ആഭിചാരക്രിയയുടെ മറവില്‍ യുവതിക്ക് മണിക്കൂറുകള്‍ നീളുന്ന ശാരീരിക മാനസിക പീഡനം. സംഭവത്തില്‍ ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശി ശിവദാസ്, യുവതിയുടെ ഭര്‍ത്താവായ മണര്‍കാട് തിരുവഞ്ചൂര്‍ സ്വദേശി അഖില്‍ദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിവരെയാണ് ഇന്നലെ മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്ന് പറഞ്ഞ് അഖിലിന്റെ അമ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ശിവന്‍ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി വീട്ടിലെത്തി ആഭിചാരക്രിയകള്‍ നടത്തിയത്. ഈ മാസം രണ്ടാം തീയതി ആയിരുന്നു സംഭവം. പകല്‍ 11 മണിമുതല്‍ രാത്രി 9 മണി വരെ മണിക്കൂറുകള്‍ നീണ്ട ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നു. ഇതിനിടെ യുവതിക്ക് മദ്യം നല്‍കിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും, ഭസ്മം കഴിപ്പിക്കുകയും, ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുന്നതുള്‍പ്പടെ മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ആയിരുന്നു.

യുവതിയുടെ മാനസികനില തകരാറിലായതിനെ തുടര്‍ന്ന് ഇവരുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ സംഭവത്തിലെ കൂട്ടുപ്രതികളായ അഖിലിന്റെ അമ്മയും മറ്റു പ്രതികളും ഒളിവിലാണ്. മേല്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.