ഇവിഎം ഇല്ലെങ്കില്‍ മോദി വിജയിക്കില്ല; ബോളിവുഡിനെ വെല്ലുന്ന നടന്‍: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഭാരത് ജോഡോ ന്യായ് യാത്രയു​ടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി. ഇവിഎം ഇല്ലെങ്കിൽ നരേന്ദ്ര മോദി തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജാവിന്‍റെ ആത്മാവ് ഇവിഎമ്മിൽ ആണെന്നും രാഹുൽ പറഞ്ഞു. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്ര മോദിയെന്നും രാഹുൽ പരിഹസിച്ചു.

രാജ്യത്തെ പ്രശ്നങ്ങൾ ആരും ഉയർത്തിക്കാട്ടുന്നില്ല. മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഇത് രാഹുല്‍ ഗാന്ധിയുടെ മാത്രം യാത്രയല്ല. എല്ലാ പ്രതിപക്ഷ നേതാക്കളും യാത്രയിൽ പങ്കാളിയായി. മണിപ്പൂർ തൊട്ട് മുംബൈ വരെ യാത്ര നടത്തി. കണ്ട കാര്യങ്ങൾ വാക്കുകളില്‍ വിവരിക്കാൻ സാധിക്കില്ല. നമ്മുടെ പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്ര മോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്. മണിപ്പൂരിൽ ആ ശക്തി ആഭ്യന്തരയുദ്ധം നടത്തുകയാണ്. അധികാരം ഉപയോഗിച്ചുള്ള ഭീഷണിയില്‍ ഭയന്നാണ് ചിലർ പാർട്ടികളില്‍ നിന്ന് വിട്ടുപോകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇഡി, സിബിഐ എന്നീ കേന്ദ്ര ഏജൻസികളെ വെച്ച് ഭയപ്പെടുത്തുകയാണ്. അഴിമതിയുടെ കുത്തകയാണ് ഇന്ന് നരേന്ദ്ര മോദിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

 

കോടികളുടെ അഴിമതിയാണ് ബിജെപി ഇലക്ടറൽ ബോണ്ടിലൂടെ നടത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു. നരേന്ദ്ര മോദി കഴിഞ്ഞ 10 വർഷത്തിൽ ചെയ്ത രണ്ടു കാര്യങ്ങള്‍ വിദേശ യാത്രകളും വ്യാജ പ്രചാരണങ്ങളുമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. രാഹുൽ ഗാന്ധി ഭാവിയുടെ പ്രതീക്ഷയാണ്. രാഹുലിന്‍റെ യാത്ര കോൺഗ്രസിനു വേണ്ടി മാത്രമായിരുന്നില്ല. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ഒരേയൊരു ലക്ഷ്യമെന്നും സ്റ്റാലിന്‍ പറഞ്ഞു. രാജ്യം എല്ലാവർക്കും ഉള്ളതാണെന്ന് നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇൻഡ്യ സർക്കാർ അധികാരത്തിൽ വന്നാൽ ഇവിഎം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി നുണകളുടെ ഫാക്ടറിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സർക്കാരിനെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാഹുൽ തുറന്ന സ്നേഹത്തിന്‍റെ കട ഒരിക്കലും അടയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

നീതിക്ക് വേണ്ടിയുള്ള യാത്ര ഇവിടെ അവസാനിക്കുന്നില്ലെന്നും എല്ലാവരെയും ഒരുമിച്ച് നിർത്തിക്കൊണ്ടാണ് രാഹുൽ യാത്ര നടത്തിയതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ കൊണ്ടുവന്ന് സമുദായങ്ങൾ തമ്മിൽ ശത്രുത ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സിഎഎ ഇതിന് ഉദാഹരണമാണെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ സഖ്യത്തിന്‍റെ ശക്തിപ്രകടനം കൂടിയായി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനസമ്മേളനം. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി,  കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന ഉദ്ധവ് വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെ, എൻസിപി (എസ്പി) വിഭാഗം നേതാവ് ശരദ് പവാർ, എഎപി നേതാവ് സൗരഭ് ഭരദ്വാജ്, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കൽപന സോറൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കള്‍ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

Comments (0)
Add Comment