ഹൈബി ഈഡന്‍ എം.പി തുണയായി, ലോക്ക്ഡൗണില്‍ മഹാരാഷ്ട്രയില്‍ കുടുങ്ങിയ സംഘം നാട്ടിലെത്തി | Video Story

Jaihind News Bureau
Saturday, May 23, 2020

 

ലോക്ക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിൽ കുടുങ്ങിപ്പോയ ഡോക്ടറും നഴ്സുമാരുമടങ്ങുന്ന സംഘത്തെ ഹൈബി ഈഡൻ എം.പിയുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു. മലയാളി സംഘത്തിന് കൈത്താങ്ങായി രാഹുൽ ഗാന്ധിയുടെ ഓഫീസിന്‍റെ സഹായം കൂടി ലഭിച്ചതോടെ മലയാളി സംഘത്തിന്‍റെ നാട്ടിലേക്കുള്ള യാത്ര എളുപ്പമായി.

ലോക്ക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്ര യിലെ ദോഡാമാർഗിൽ കുടുങ്ങിയ പള്ളുരുത്തി സ്വദേശിനി ഡോക്ടർ ദീപ്തിയും നഴ്സുമാരുമുൾപ്പടെയുള്ള സംഘത്തിനാണ് ഹൈബി ഈഡൻ എം.പി തുണയായത്. ലോക്ഡൗൺ ആരംഭിച്ച അന്നു മുതൽ നാട്ടിലേക്ക് വരാനുള്ള ശ്രമമാരംഭിച്ച ഡോക്ടറും സംഘവും രണ്ട് തവണ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ക്യാൻസലായി. ഗോവയിൽ നിന്ന് ആദ്യം കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റാണ് ഇവർക്ക് ലഭ്യമായിരുന്നത്.

മഹാരാഷ്ട്രയിൽ നിന്ന് ഗോവയിലെത്തിയാൽ നിരീക്ഷണത്തിൽ പോകേണ്ടി വരുന്നതിനാൽ ഹൈബി ഈഡൻ എം.പിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈബി ഈഡൻ എം.പി മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സത്യജിത്ത് സാംവേയുമായി ബന്ധപ്പെടുകയും അര മണിക്കൂറിനുള്ളിൽ തന്നെ ഇവർ ഡോക്ടറും നഴ്‌സുമാരും താമസിക്കുന്ന സ്ഥലത്തെത്തി വാഹന സൗകര്യവും ഭക്ഷണവും എത്തിക്കുകയും ചെയ്തു. തുടർന്ന് മഹാരാഷ്ട്രയിലെ പൻവേൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനിൽ യാത്ര തിരിക്കുകയുമായിരുന്നു. രാഹുൽ ഗാന്ധി എം.പിയും, ഓഫീസും ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നു.

ഡോ. ദീപ്തിയും സഹപ്രവർത്തകരും രാഹുൽ ഗാന്ധിക്കും, ഹൈബി ഈഡൻ എം.പിക്കും നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ് ഇപ്പോൾ. നേരത്തെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്നും നിർദേശിച്ചതിനെ തുടർന്ന് എറണാകുളത്ത് കുടുങ്ങിയിരുന്ന മഹാരാഷ്ട്ര സ്വദേശികളായ 54 പേർക്ക് നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ഹൈബി ഈഡൻ എം.പി ഒരുക്കിയിരുന്നു. മഹാരാഷ്ട്രയിൽ നിന്നും അന്ന് മടങ്ങിയ ബസിൽ അവിടെ കുടുങ്ങിയ 43 മലയാളികൾ സംസ്ഥാനത്ത് തിരിച്ചെത്തിച്ചിരുന്നു.