ബ്രിക്‌സ് ഉച്ചകോടി: കിഴക്കൻ ലഡാക്കിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നരേന്ദ്ര മോദിയും ഷി ജിൻ പിങ്ങും ഇന്ന് വീണ്ടും മുഖാമുഖം

Jaihind News Bureau
Tuesday, November 17, 2020

കിഴക്കൻ ലഡാക്കിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങും ഇന്ന് വീണ്ടും മുഖാമുഖം. വീഡിയോ കോൺഫ്രൻസിലൂടെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് ഇരുനേതാക്കളും കാണുക.

ആഗോള സ്ഥിരത, സുരക്ഷാ സഹകരണം, വളർച്ച എന്നിവയാണ് പന്ത്രണ്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന ചർച്ചാ വിഷയം.
ഒപ്പം സാമ്പത്തിക സഹകരണ തന്ത്രങ്ങളും ഭീകരവാദം തടയാനുള്ള സംവിധാനങ്ങളും ഇന്നു നടക്കുന്ന 12ാം ബ്രിക്‌സ് ഉച്ചകോടി അവലോകനം ചെയ്യുമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ലോക ജനസംഖ്യയുടെ പകുതിയും ഉൾപ്പെടുന്ന ബ്രസീൽ, ചൈന, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങൾ. കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിയിൽ മഹാമാരിയുടെ ആഘാതം കുറയ്ക്കാനുള്ള നടപടികൾ, വ്യാപാരം, ആരോഗ്യം, ഊർജ്ജം എന്നിവ ചർച്ചയാവുമെന്ന് ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനത്തുള്ള റഷ്യ അറിയിച്ചിരുന്നു. ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകര വാദത്തിനെതിരായ പോരാട്ടത്തിൽ പരസ്പര സഹകരണമഭ്യർഥിക്കുമെന്നാണ് സൂചന. ചൈനയുടെ വെട്ടിപ്പിടിക്കൽ നയത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ ഇക്കാര്യം ഉന്നയിക്കുമോ എന്നും ഉറ്റു നോക്കപ്പെടുന്നുണ്ട്. റഷ്യ ആതിഥ്യം വഹിക്കുന്ന വെർച്വൽ ഉച്ചകോടിയിൽ, പ്രസിഡന്റ് വ്‌ളാഡിമിർ പുടിനു പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്‍റ് ജൈർ ബൊൽസൊനാരോ എന്നിവർ പങ്കെടുക്കും.