തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തര പ്രമേയമായി സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും, ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നുമാണ് പ്രതിപക്ഷ ആരോപണം. കെ.കെ രമ എംഎല്‍എ അടിയന്തര പ്രമേയ നോട്ടീസ് നല്‍കും.
ബുധനാഴ്ച വിഷയം സഭയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2019-ല്‍ വന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേയെന്ന് പ്രതിപക്ഷം ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു പേജും സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്നായിരുന്നു സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ സഭയില്‍ പ്രതികരിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷന്‍ ആണെന്നുമായിരുന്നു സജി ചെറിയാന്റെ ന്യായീകരണം.