ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍. അലഹബാദ് മെഡിക്കൽ അസോസിയേഷൻ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ പങ്കെടുക്കും. രാജ്യത്തിന്‍റെ ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ സമ്മേളനത്തില്‍ ചർച്ച ചെയ്യും. ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഏതൊരു ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
“ഇന്ത്യൻ ഭരണഘടന നമ്മുടെ എല്ലാ ജനങ്ങൾക്കും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. അതിനെ തുരങ്കം വെക്കാനുള്ള ബിജെപിയുടെ ഏതൊരു ശ്രമവും ശക്തമായ ചെറുത്തുനിൽപ്പ് നേരിടേണ്ടിവരും. എന്നിൽ നിന്നും ഓരോ കോൺഗ്രസ് പ്രവർത്തകനിൽ നിന്നും ഓരോ രാജ്യസ്നേഹികളായ ഇന്ത്യാക്കാരില്‍ നിന്നും ശക്തമായ പ്രതിരോധം നേരിടേണ്ടിവരും. നമുക്ക് ഒരുമിച്ച് നമ്മുടെ രാജ്യത്തെ നിർവചിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാം” – രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.