അന്വേഷണം തീരും വരെ മുഖ്യമന്ത്രി മാറി നിൽക്കുമോ?: ബെന്നി ബഹനാൻ എംപി

Jaihind Webdesk
Tuesday, June 7, 2022

കൊച്ചി: സ്വർണക്കടത്തിലും ഡോളർ കടത്തിലും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് കേസിലെ പ്രതി മൊഴി കൊടുത്ത സാഹചര്യത്തിൽ അന്വേഷണം തീരും വരെ മാറി നില്‍ക്കാൻ മുഖ്യമന്ത്രി തയാറാകുമോയെന്ന് ബെന്നി ബഹനാൻ എംപി. കൈകൾ ശുദ്ധമെന്ന് പറയുന്ന മുഖ്യമന്ത്രി അന്വേഷണം തീരും വരെ മാറി നിൽക്കാനുള്ള ധാർമ്മിക ബോധം കാണിക്കുമോയെന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്.

മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യ മൊഴി വെറും ആരോപണമായി തള്ളിക്കളയാൻ കഴിയില്ല. തികഞ്ഞ ഉത്തരവാദിത്വത്തോടെ സംശയത്തിനിടയില്ലാത്ത വിധം സ്വപ്നാ സുരേഷ് മജിസ്‌ട്രേറ്റിന് നൽകിയ മൊഴി കേന്ദ്ര ഏജൻസികൾ ഗൗരവമായി എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ ഇത് വരെ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വീകരിച്ചത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്‌ ഇതുവരെ കേസന്വേഷണം നടന്നത്.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയിലൂടെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് നിരവധി തവണ വാർത്താസമ്മേളനം നടത്തി താനടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് സ്വപ്നാ സുരേഷ് 164 പ്രകാരം നൽകിയ മൊഴി. മുഖ്യമന്ത്രി ദുബായിലേക്ക് കൊണ്ട് പോയ ബാഗിൽ ഡോളർ ഉണ്ടായിരുന്നുവെന്നും ബിരിയാണി പാത്രങ്ങളിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്വർണ്ണം കടത്തിയെന്നുമുള്ള സ്വപ്നയുടെ മൊഴിയിലൂടെ കേസില്‍ പിണറായി വിജയന്‍റെ നേരിട്ടുള്ള ബന്ധം പുറത്ത് വന്നിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഗൗരവമായ അന്വേഷണം നടത്തുമോ പിണറായി വിജയനെ അന്വേഷണ ഏജൻസികൾ രക്ഷപ്പെടുത്തുമോ എന്നാണ് അറിയേണ്ടതെന്നും ബെന്നി ബഹനാൻ പറഞ്ഞു.