CRISTIANO RONALDO| റൊണാള്‍ഡോ ഇന്ത്യയിലെത്തുമോ? എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറും എഫ് സി ഗോവയും ഒരേ ഗ്രൂപ്പില്‍; പ്രതീക്ഷയോടെ ആരാധകര്‍

Jaihind News Bureau
Friday, August 15, 2025

ലോക ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരില്‍ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അവസരം. എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്റെ 2025-26 സീസണില്‍ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസറും ഇന്ത്യന്‍ ക്ലബ്ബായ എഫ് സി ഗോവയും ഒരേ ഗ്രൂപ്പിലാണ്. മലേഷ്യയിലെ കോലാലമ്പൂരില്‍ നടന്ന നറുക്കെടുപ്പിലാണ് ഈ നിര്‍ണായക പ്രഖ്യാപനമുണ്ടായത്.

സെപ്റ്റംബര്‍ 16-ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ ഡിസംബര്‍ 24-ന് അവസാനിക്കും. ഹോം, എവേ മത്സരങ്ങള്‍ അടങ്ങിയ ഗ്രൂപ്പ് ഘട്ടത്തില്‍, അല്‍ നസര്‍ എഫ് സി ഗോവയുടെ തട്ടകമായ ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തില്‍ കളിക്കാനെത്തേണ്ടതുണ്ട്. ഇത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്നായി മാറിയേക്കാം.

മറ്റൊരു ഇന്ത്യന്‍ ടീമായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ഗ്രൂപ്പ് സിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇറാനിലെ ഫൂലാദ് മൊബാരകേഹ് സെപഹാന്‍ എസ്.സി, ജോര്‍ദാനിലെ അല്‍ ഹുസൈന്‍, തുര്‍ക്ക്മെനിസ്ഥാനിലെ അഹല്‍ എഫ്.സി എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനെത്തുമോ എന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്ന പ്രധാന ചോദ്യം. അദ്ദേഹത്തിന്റെ അല്‍ നസറുമായുള്ള കരാറില്‍, ടൂര്‍ണമെന്റുകളിലെ എവേ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തിന് അനുവാദമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സീസണില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ഒരു എവേ മത്സരത്തില്‍ മാത്രമാണ് റൊണാള്‍ഡോ കളിച്ചത് എന്നതും ശ്രദ്ധേയമാണ്.

എങ്കിലും, റിയാദിലെ അല്‍-അവ്വല്‍ പാര്‍ക്കില്‍ നടക്കുന്ന ഹോം മത്സരത്തില്‍ റൊണാള്‍ഡോ എഫ് സി ഗോവയ്‌ക്കെതിരെ കളിക്കുമെന്ന് ഉറപ്പാണ്. അതേസമയം, റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കില്ലെങ്കില്‍ പോലും, അല്‍ നസറിലെ മറ്റ് പ്രമുഖ താരങ്ങളായ സാദിയോ മാനെ, ജാവോ ഫെലിക്‌സ്, ഇനീഗോ മാര്‍ട്ടിനെസ് തുടങ്ങിയവര്‍ ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ട്.

മത്സരങ്ങളുടെ തീയതി പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ റൊണാള്‍ഡോയുടെ സാന്നിധ്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളു. എന്തായാലും ലോക ഫുട്‌ബോളിലെ ഒരു ഇതിഹാസത്തെ നേരില്‍ കാണാനുള്ള ആവേശത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍.